കണ്ണൂര്‍ : ലാളിത്യവും സൗന്ദര്യവും ശുചിത്വവുമുളള ഒരു ഗ്രാമത്തെ വര്‍ത്തമാനകാലത്ത് സങ്കല്‍പ്പിക്കാനുകമോ ? എന്നാല്‍ ഇതെല്ലാം തികഞ്ഞ ഗ്രാമങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍പെട്ട ധര്‍മ്മടം പഞ്ചായത്തിലുണ്ട് (Clean Villages in Kannur). പഴയ കാലത്തെ ഊരുകളായ മേലൂര്, അണ്ടലൂര്, പാലയാട്, ധര്‍മ്മടം എന്നീ ചെറു ഗ്രാമങ്ങളിലാണ് ശുചിത്വ ബോധം ഇന്നും ഉയര്‍ന്നു നില്‍ക്കുന്നത്.
പുതുതലമുറയുടെ ജങ്ക്ഫുഡ് പാക്കറ്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും വീട്ടുപറമ്പില്‍ പോലും കാണില്ല. വീടും വീട്ട് മുറ്റവും തൊടിയുമെല്ലാം ഈ ഗ്രാമങ്ങളില്‍ വൃത്തിയോടും വെടിപ്പോടും സൂക്ഷിക്കുന്നു. ചപ്പുചവറുകള്‍ തെങ്ങിന്‍ ചുവട്ടിലും വാഴക്കൂട്ടങ്ങളിലും വളമായി നല്‍കി വീട്ടുപറമ്പുകള്‍ പോലും വൃത്തിയില്‍ സൂക്ഷിക്കാന്‍ ശീലിച്ചവരാണ് ഈ നാട്ടുകാര്‍. കോട്ടകള്‍ പോലെ ഉയര്‍ന്ന് നില്‍ക്കുന്ന കോണ്‍ക്രീറ്റ് സൗധങ്ങള്‍ നഗര -ഗ്രാമ ഭേദമെന്യേ കാണുന്ന നാട്ടില്‍ ഇടത്തരം വീടുകളുടെ ലാളിത്യം ഈ ഗ്രാമങ്ങളെ കൂടുതല്‍ സുന്ദരമാക്കുന്നു.
ഭൂരിഭാഗവും ഇടത്തരം കുടുംബങ്ങള്‍ അധിവസിക്കുന്ന ഈ ദേശങ്ങളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ആര്‍ഭാട വീടുകള്‍. വീടും വീട്ട് മുറ്റവും മാത്രമല്ല വീട്ടിലേക്കുള്ള വഴികളും വൃത്തിയില്‍ സൂക്ഷിക്കപ്പെടുന്നു. ചിറക്കുനിയില്‍ നിന്ന് മേലൂര്‍ ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡും അണ്ടലൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡും മാലിന്യ മുക്തമാണ്. ഈ ഗ്രാമങ്ങളിലേക്കുള്ള പ്രധാന കവാടം ചിറക്കുനിയാണ്. ഒരു നഗരത്തിന്‍റെ തിരക്കുകളെല്ലാമുണ്ടെങ്കിലും മൂക്കുപൊത്താതെ നടക്കാം. ഈ രണ്ട് പ്രധാന റോഡില്‍ നിന്നും വേര്‍പിരിയുന്ന ചെറു റോഡുകളും സുന്ദരമാണ്. നഗരപാതകളുടെ ഓരങ്ങളില്‍ മാലിന്യം കണ്ട് മടുത്തവര്‍ക്ക് ഈ ഗ്രാമത്തിലെ ഏത് കോണിലൂടെ നടക്കുമ്പോഴും അനുഭവപ്പെടുന്നത് ശുചിത്വത്തിന്‍റെ അനുഭൂതിയാകും.
മറ്റൊരിടത്തും കേട്ടിട്ടില്ലാത്ത ഈ ശുചിത്വ ബോധം എങ്ങിനെ ഈ ഗ്രമങ്ങളില്‍ കൈവന്നു എന്നതിന് ഉത്തരം തേടിയപ്പോള്‍ പരമ്പരാഗതമായി കൈമാറി വന്നതാണെന്ന് മുത്തശ്ശിമാര്‍ വെളിപ്പെടുത്തുന്നു. അമ്മൂമ്മമാരില്‍ നിന്ന് ശുചിത്വത്തിന്‍റെ ബാലപാഠം ചെറുപ്പത്തിലേ പഠിച്ചു വന്നവരാണ് ഇന്നത്തെ പ്രായമുള്ളവര്‍. അവര്‍ അത് പുതുതലമുറയ്ക്കും കൈമാറിയിട്ടുണ്ട്. വിദ്യാഭ്യാസവും ഉന്നത ജോലിയും നേടിയവര്‍ പോലും പരമ്പരാഗതമായി പകര്‍ന്നു തന്ന ശുചിത്വ ബോധത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നതിന് തെളിവാണ് ഇവിടുത്തെ ഓരോ വീടുകളും.
Also Read: 'ഓമന കാഴ്‌ചകൾ'... ഇത് കണ്ണൂർ വേശാല സ്‌കൂളിലെ 'ഇമ്മിണി വല്യ എഴുത്തുകള്‍'
അണ്ടലൂര്‍ കാവിലെ ഉത്സവത്തിന് മുന്നോടിയായി മേലൂര്‍, അണ്ടലൂര്, പാലയാട്, ധര്‍മ്മടം ദേശക്കാര്‍ വീടും പറമ്പും ഒന്നു കൂടി വൃത്തിയാക്കും. വീട് വെളള പൂശി മോടി പിടിപ്പിക്കും. വീട്ടിലെ മണ്‍പാത്രങ്ങളെല്ലാം പുതുതായി വാങ്ങും. പുതു വസ്ത്രങ്ങളും നിര്‍ബന്ധം. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന കാവിലെ ആചാരാനുഷ്‌ഠാനങ്ങളുടെ ഭാഗമായാണോ, അല്ലെങ്കില്‍ അതിനും മുമ്പുള്ള രീതിയാണോ ഈ ദേശങ്ങളിലെ ശുചിത്വബോധത്തിന്‍റെ കാരണമെന്ന് വ്യക്തമല്ല.