തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എംബി രാജേഷ് എന്നിവരുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തില്‍ നടന്ന മാർച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്‌ഘാടനം ചെയ്‌തത്. ബാരിക്കേഡ് വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിന്‍റെ ഒരു ഭാഗം മറിച്ചിട്ടു. ഇതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കമ്പുകളും വടികളും വലിച്ചെറിഞ്ഞു. ഇതോടെ രണ്ടാമതും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മറിച്ചിട്ട ബാരിക്കേഡിന്‍റെ ഒരു ഭാഗം വലിച്ചിഴച്ച് പ്രവര്‍ത്തകര്‍ റോഡിന് നടുവില്‍ കൊണ്ടിട്ട് മുദ്രാവാക്യം വിളിച്ചു. സംഘര്‍ഷത്തിനിടെ നാല് തവണയാണ് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.