തിരുവനന്തപുരം: കെഎസ്‌യു നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ സംഘർഷം. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച കെഎസ്‌യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് കെഎസ്‌യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെയാണ് (ജൂണ്‍ 23) കെഎസ്‌യു ജില്ല നേതൃത്വം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ കെഎസ്‌യു ജില്ല പ്രസിഡന്‍റ് ഗോപു നെയ്യാര്‍ ഉൾപ്പെടെയുള്ളവരെ കാന്‍റോൺമെന്‍റ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്‌തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കെഎസ്‌യു പ്രവർത്തകർ ഇന്ന് (ജൂൺ 24) ഉച്ചയ്ക്ക് ഒരു മണിയോടെ നിയമസഭയിലേക്ക് മാർച്ച് നടത്തിയത്.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞിരുന്നു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും പൊലീസിന് നേരെ കമ്പുകൾ വലിച്ചെറിയുകയും ചെയ്‌തു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
മൂന്ന് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. തുടർന്നും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷമാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.