ഭക്തിനിര്‍ഭരം ക്ഷേത്രാങ്കണങ്ങള്‍; പൂജ ചടങ്ങുകൾക്ക് തുടക്കമായി - POOJA CEREMONIES IN KERALA TEMPLES
ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രി പൂജവയ്പ്പ് ചടങ്ങുകളും ചോറ്റിനിക്കര ദേവീക്ഷേത്രത്തിൽ പവിഴമല്ലിത്തറ മേളവും ആരംഭിച്ചു.
Published : Oct 11, 2024, 3:29 PM IST
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രി പൂജവയ്പ്പ് ചടങ്ങുകൾക്ക് ഭക്തിനിർഭരമായ തുടക്കം. കൂത്തമ്പലത്തിലെ അലങ്കരിച്ച സരസ്വതി മണ്ഡപത്തിൽ ഗ്രന്ഥങ്ങൾ പൂജവച്ചു. ശ്രീ ഗുരുവായൂരപ്പൻ, സരസ്വതി ദേവി, ശ്രീഗണപതി ചിത്രങ്ങൾക്ക് മുന്നിൽ കീഴ്‌ശാന്തിക്കാർ ദീപം തെളിയിച്ചു.
ദീപാരാധനയ്ക്ക് ശേഷമായിരുന്നു പുസ്‌തകങ്ങളും കൃഷ്‌ണനാട്ടം കളരിയിലെ താളിയോല ഗ്രന്ഥങ്ങളും ആയുധങ്ങളും സ്വീകരിച്ച് പൂജവയ്‌പ്പ് ചടങ്ങുകൾ ആരംഭിച്ചത്. ഞായറാഴ്‌ച സരസ്വതി പൂജയും ശീവേലിയും പൂർത്തിയാകുന്നതോടെ വടക്കേ പത്തായപ്പുരയിലെ വിദ്യാരംഭം ഹാളിലേക്ക് ദേവീദേവൻമാരുടെ ചിത്രം എഴുന്നള്ളിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കീഴ്‌ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യൻമാരായി രാവിലെ ഏഴ് മുതൽ എഴുത്തിനിരുത്തൽ ചടങ്ങ് നടക്കും.
ചോറ്റിനിക്കര ദേവീക്ഷേത്രത്തിൽ പവിഴമല്ലിത്തറ മേളത്തിന് തുടക്കം
ചോറ്റാനിക്കര : ചോറ്റിനിക്കര ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്‍റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാണി. പവിഴമല്ലിത്തറയ്‌ക്ക് മുന്നിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും ജയറാമാണ് മേളപ്രമാണി.
കഴിഞ്ഞ വർഷം 168-ല്‍ അധികം കലാകാരന്മാരാണ് മേളയിൽ പങ്കെടുത്തത്. കഴിഞ്ഞ 11 വർഷമായി പവിഴമല്ലി മേളത്തിന്‍റെ വാദ്യ സംയോജനം ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ഇടന്തലയിൽ ചോറ്റാനിക്കര സത്യൻ നാരായണൻമാരാർ, ആനിക്കാട് കൃഷ്‌ണകുമാർ, ആനിക്കാട് ഗോപകുമാർ ഉൾപ്പടെ 17 പേരും വലന്തലയിൽ തിരുവാങ്കുളം രഞ്ജിത്ത്, ഉദയനാപുരം മണി മാരാർ, പുറ്റുമാനൂർ മഹേഷ് മാരാർ അടക്കം 50 പേരുമാണ് അണിനിരക്കുന്നത്.
Also Read: പൂജ അവധിക്ക് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി; നവംബര്‍ 7 വരെ സര്‍വീസ്, ബുക്ക് ചെയ്യാം