പുത്തൻ പ്രതീക്ഷകളുമായി വീണ്ടും ഒരു ചിങ്ങപ്പുലരി പിറന്നിരിക്കുകയാണ്. കൊല്ലവർഷത്തിന്‍റെ ആദ്യ മാസമായ ആദ്യ ദിവസം കേരളത്തിന് കർഷക ദിനം കൂടിയാണ്. ഈ ചിങ്ങത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചിങ്ങം ഒന്നിന് 1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷത്തേക്ക് കടക്കുകയാണ്. അതായത് മലയാളം കലണ്ടർ പ്രകാരം ഒരു പുതിയ നൂറ്റാണ്ടിന്‍റെ തുടക്കം.
കാര്‍ഷിക സംസ്‌കാരത്തിന്‍റെയും ഓണക്കാലത്തിന്‍റെയും ഗൃഹാതുരമായ ഓർമകളാണ് ഓരോ മലയാളികളുടേയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. മുറ്റത്ത് പൂക്കളം ഇടുന്നതും ഊഞ്ഞാലാട്ടവും കൈകൊട്ടിക്കളിയും ഓണസദ്യയുമെല്ലാം മലയാളികളുടെ മനസിൽ എന്നും ഓർമയുടെ തിരയിളക്കം സൃഷ്‌ടിക്കും.
അറുതിയുടെയും വറുതിയുടെയും കർക്കടക മാസ ദുരിതങ്ങൾക്ക് ശേഷമെത്തുന്ന ചിങ്ങത്തിന് മധുരം കൂടുന്നു. തിരിമുറിയാതെ പെയ്‌ത് കര്‍ക്കടം സമ്മാനിച്ച ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന മാസം. മാനം വെളുത്തു തുടങ്ങുന്നതോടെ പാടത്തും പറമ്പിലും പൂവിടുന്ന തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമെല്ലാം നിറംചാര്‍ത്തുന്ന ചിങ്ങം. മാവേലി തമ്പുരാനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളാണ് അതെന്നാണ് വാമൊഴി.
നമുക്കിന്ന് അന്യമായി കൊണ്ടിരിക്കുന്ന കൊയ്‌ത്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊൻകതിർ വീടുകളിലെ അറകളും പത്തായങ്ങളിലും നിറയ്ക്കുന്ന സമ്പന്നത നിറഞ്ഞാടിയ മാസം. സമൃദ്ധിയുടെ വരവറിയിച്ച് പ്രകൃതിയും മനുഷ്യനൊപ്പം കൂടുന്ന അസുലഭ സമയമാണ് ചിങ്ങം പിറക്കുന്നതോടെ വന്നെത്തുന്നത്.
ചിങ്ങം പിറന്നാൽ പിന്നെ ഓണത്തിനായുള്ള കാത്തിരിപ്പിലാകും ഓരോ മലയാളിയും. സെപ്‌തംബർ 6 ന് അത്തം ആരംഭിക്കും. അത്തം പത്തിന് തിരുവോണം എന്ന പോലെ, സെപ്‌തംബർ 15 നാണ് ഇത്തവണത്തെ തിരുവോണം. കാണം വിറ്റും ഓണമുണ്ണാൻ തയ്യാറെടുപ്പുകൾ നടത്തേണ്ട സമയമായി എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ചിങ്ങ മാസം.