കോഴിക്കോട് : കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മുണ്ടക്കൈ ഉരുൾപൊട്ടൽ മാറുമ്പോൾ അതിന്‍റെ കാരണവും തിരയുകയാണ്. ദിവസങ്ങളായി തുടർന്ന ശക്തമായ മഴയാണ് വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ഉണ്ടാക്കിയത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ദുരന്ത പ്രദേശത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് മഴ മാപിനിയില്ല. എന്നാൽ തൊട്ടടുത്ത മഴ മാപിനികളിൽ എല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് ശക്തമായ മഴയാണ്.
![CAUSES OF LANDSLIDES biggest natural disaster in kerala Mundakkai land slide Heavy rain](https://etvbharatimages.akamaized.net/etvbharat/prod-images/31-07-2024/kl-kkd-31-09-landslide-causes-7203295_31072024180037_3107f_1722429037_1069.jpg)
ദുരന്തം ഉണ്ടായ ചൊവ്വാഴ്‌ച, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വൈത്തിരി മാനുവൽ സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 280 മി.മീ മഴയാണ്. കുപ്പാടിയിൽ 122.7 മി.മീ, മാനന്തവാടിയിൽ 204 മി.മീ, അമ്പലവയലിൽ 142.2 മി.മീ, കാരപ്പുഴ എഡബ്ല്യുഎസ് സ്റ്റേഷനിൽ 142 മി.മീ, കുപ്പാടി എഡബ്ല്യുഎസ് സ്റ്റേഷനിൽ 102 മി.മീ മഴ രേഖപ്പെടുത്തിയുട്ടുണ്ട്. പ്രദേശിക മഴ മാപിനിയിൽ വയനാട് പുത്തുമലയിൽ 372 മി.മീ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ കേരളം കണ്ട ദിവസമായിരുന്നു മുണ്ടക്കൈയിൽ ദുരന്തം ഉണ്ടായത്.
![CAUSES OF LANDSLIDES biggest natural disaster in kerala Mundakkai land slide Heavy rain](https://etvbharatimages.akamaized.net/etvbharat/prod-images/31-07-2024/kl-kkd-31-09-landslide-causes-7203295_31072024180037_3107f_1722429037_389.jpg)
സാധാരണ ഒരാഴ്‌ചയിൽ കിട്ടേണ്ടതിനേക്കാൾ 50 ശതമാനത്തോളം അധികം മഴയാണ് വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌തത്. കുറെ കൂടി കനമുള്ള മേഘങ്ങൾ രൂപപ്പെട്ടതോടെ തിങ്കളാഴ്‌ച ദുരന്തം പെയ്‌തിറങ്ങി. നാഷണൽ റിമോട്ട് സെൻസിങ് സെന്‍റർ പട്ടിക അനുസരിച്ച് ഉരുൾപൊട്ടൽ ദുരന്ത ആഘാത സാധ്യത പട്ടികയിൽ പതിമൂന്നാമതാണ് വയനാട്. ഉരുൾപൊട്ടൽ ഉണ്ടായാൽ ഏറ്റവും കടുത്ത ആഘാതം ഉണ്ടാകാൻ സാധ്യത ഉള്ള പ്രദേശമാണ് വയനാട്. നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയുടെ കണക്കിലും ഉരുൾപൊട്ടൽ സാധ്യത അധികമായ പ്രദേശങ്ങളുടെ പട്ടികയിൽ കേരളത്തിന്‍റെ മലയോര മേഖല ആകെയുണ്ട്.
![CAUSES OF LANDSLIDES biggest natural disaster in kerala Mundakkai land slide Heavy rain](https://etvbharatimages.akamaized.net/etvbharat/prod-images/31-07-2024/kl-kkd-31-09-landslide-causes-7203295_31072024180037_3107f_1722429037_855.jpg)
പെട്ടെന്നുണ്ടാകുന്ന അതിശക്തമായ മഴയെ മാത്രമല്ല, തുടർച്ചയായി പെയ്യുന്ന മഴയേയും കേരളം ഗൗരവത്തോടെ കാണേണ്ടതുണ്ട്. 2019ൽ വയനാട് പുത്തുമല ദുരന്തം ഉണ്ടാക്കിയതിന് സമാനമായ കാലാവസ്ഥ അന്തരീക്ഷമായിരുന്നു ഇത്തവണയും വിനാശം വിതച്ചത്. അത്യസാധാരണമായ കാലാവസ്ഥ പ്രതിഭാസങ്ങളെ കേരളം കുറെ കൂടി ഗൗരവത്തോടെ കരുതിയിരിക്കണം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
![CAUSES OF LANDSLIDES biggest natural disaster in kerala Mundakkai land slide Heavy rain](https://etvbharatimages.akamaized.net/etvbharat/prod-images/31-07-2024/kl-kkd-31-09-landslide-causes-7203295_31072024180037_3107f_1722429037_374.jpg)
കേരളത്തില്‍ അടുത്തിടെയുണ്ടായ ദുരന്തങ്ങളില്‍ ഏറ്റവും വലുതാണ് വയനാട്ടിലുണ്ടായ ദുരന്തം. നിരവധി പേര്‍ ഇപ്പോഴും അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 123 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍കൂടി വയനാട്ടില്‍ എത്തിച്ചശേഷം മേപ്പാടിയില്‍വച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
Also Read: വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നല്‍കി നടന്‍ വിക്രം