കണ്ണൂര്‍: കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങിയത് കഴിഞ്ഞ ആഴ്‌ചയാണ്. ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച 26 രോഗികളെ തിരിച്ചയക്കുകയായിരുന്നു. കാത് ലാബിലെ യന്ത്രത്തകരാറാണ് ചികിത്സ നിലയ്ക്കാൻ കാരണമായത്.
സംഭവം വിവാദം ആയതോടെ പ്രതിസന്ധി താൽക്കാലികം ആയി പരിഹരിക്കുകയായിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി പരിയാരം മെഡിക്കൽ കോളജിൽ രണ്ട് തിയറ്ററുകളാണുള്ളത്. ഇത് രണ്ടും അടച്ചിട്ടിട്ട് ആറു മാസമായി. ഇതിനു പുറമേയാണിപ്പോൾ കാത്ത് ലാബ് പണിമുടക്കിയത്. ലാബിലെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതാണ് കാരണം.
മാസങ്ങളായി ശസ്ത്രക്രിയയ്ക്കുള്ള തീയതികൾ നീട്ടിവെയ്ക്കാറാണ് പതിവ്. എന്നാൽ, കാത് ലാബ് പ്രവർത്തനരഹിതമായതോടെയാണ് ചികിത്സ തേടിയെത്തിയ 26 പേരെയും തിരിച്ചയച്ചത്. കാർഡിയോളജി വിഭാഗത്തിലെ 3 കാത്ത് ലാബുകളിലൊന്ന് കാലപ്പഴക്കത്താൽ മുൻപേ ഉപയോഗശൂന്യമായിരുന്നു. രണ്ടാമത്തെ ലാബാകട്ടെ എസി പ്ലാന്‍റ് പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതോടെ പൂട്ടി.
രണ്ടര വർഷം മുൻപ് ഉദ്ഘാടനം ചെയ്‌ത പുതിയ കാത്ത് ലാബാണിപ്പോൾ പ്രവർത്തനരഹിതമായത്. ഇതോടെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ്മേക്കർ ഘടിപ്പിക്കൽ തുടങ്ങിയവയൊക്കെ മുടങ്ങി. ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ പദ്ധതി എന്നിവയുള്ളതിനാൽ സാധാരണക്കാർ കൂടുതലായി ആശ്രയിക്കുക മെഡിക്കൽ കോളജുകളെയാണ്. എന്നാലിവിടെയും രക്ഷയില്ലാത്ത അവസ്ഥയാണിപ്പോള്‍.
പരിയാരം മെഡിക്കൽ കോളജിനെ അവഗണിക്കുന്ന സർക്കാർ നടപടികൾക്കെതിരെ പ്രതിപക്ഷ സംഘടനകളും സമരം ശക്തമാക്കിയതോടെ ആണ് നിയമസഭയിൽ ഉൾപ്പെടെ മന്ത്രി അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും എന്ന പ്രഖ്യാപനം നടത്തിയത്. ഹൃദയാലയത്തിൽ പുതിയ കാത്ത് ലാബ് സ്ഥാപിക്കാനായി പ്ലാൻ ഫണ്ടിൽ നിന്ന് അഞ്ചു കോടി രൂപയാണ് അനുവദിച്ചത്. 2009-ൽ സ്ഥാപിച്ച രണ്ട് ലാബുകളാണ് ഉണ്ടായിരുന്നത്. അത് ഡികമ്മിഷൻ ചെയ്യും. പകരം പുതിയത് സ്ഥാപിക്കാനാണ് തുക അനുവദിച്ചത്.
കിഫ്ബി ഫണ്ട് കൂടാതെ 136 കോടി രൂപ പ്ലാൻ ഫണ്ടിൽ നിന്നും 500 കോടി രൂപ നോൺ പ്ലാൻ ഫണ്ടിൽ നിന്നും മെഡിക്കൽ കോളജിന്‍റെ വികസന പ്രവർത്തനത്തിനായി ചെലവഴിച്ചിട്ടുണ്ട്. ആശുപത്രി ഏറ്റെടുത്തപ്പോൾ 400 കോടി രൂപയാണ് സംസ്ഥാന സർക്കാർ വായ്‌പയിൽ അടച്ചുതീർത്തത്.
ALSO READ: ചർച്ച ഫലം കണ്ടു: കോഴിക്കോട് എന്‍ഐടിയിലെ തൊഴിലാളി സമരം പിൻവലിച്ചു