എറണാകുളം : ആലുവയിൽ ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴ് വയസുകാരനെ ഇടിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി. ഇടപ്പള്ളി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകട സമയത്ത് കാർ ഓടിച്ചത് തൻ്റെ ബന്ധുവാണെന്നാണ് ഉടമ മൊഴി നൽകിയത്. ഇതേ തുടർന്ന് ഈ ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്.
കുട്ടി കാറിനടിയിൽപ്പെട്ടത് അറിഞ്ഞിരുന്നില്ലെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ ആലുവ പൊലീസ് ഗുരുതര വീഴ്‌ച വരുത്തിയെന്ന ആരോപണമുയർന്നതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കുകയും കാർ കണ്ടെത്തുകയും ചെയ്‌തത്. ചൊവ്വാഴ്‌ച രാവിലെ പത്ത് മണിയോടെ ആലുവ കുട്ടമശേരി ആനിക്കാട് കവലയ്ക്ക് സമീപമായിരുന്നു ദാരുണമായ സംഭവം നടന്നത്.
വാഴക്കുളം പ്രേം നിവാസില്‍ പ്രീജിത്തിന്‍റെ മകന്‍ നിഷികാന്ത്, അച്ഛൻ ഓടിച്ചിരുന്ന ഒട്ടോയിൽ യാത്ര ചെയ്യവെ അബദ്ധത്തിൽ റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ ഒട്ടോ നിർത്തി പ്രീജിത്ത് കുട്ടിയെ എടുക്കുന്നതിനിടയിൽ പിന്നാലെ വന്ന കാർ കുട്ടിയുടെ ശരീരത്തിൽ കയറി ഇറങ്ങി നിർത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇപ്പോഴും അപകടനില തരണം ചെയ്‌തിട്ടില്ല. തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രിയിൽ നിന്നും അപകട വിവരം പൊലീസിനെ അറിയിച്ചെങ്കിലും തുടർ നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. വൈകുന്നേരത്തോടെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയിലായതിനാൽ എത്താൻ കഴിയില്ലന്ന് അറിയിച്ചതോടെ നാളെ സ്റ്റേഷനിലെത്തി പരാതി എഴുതി നൽകിയാൽ മതിയെന്ന് പൊലീസ് പറഞ്ഞതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ചൊവ്വാഴ്‌ച രാത്രി വൈകി പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ പിതാവിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നെങ്കിലും, പൊലീസ് വേണ്ട രീതിയിൽ പരാതി പരിഗണിച്ച് അന്വേഷണം നടത്താത്തതിനെ തുടർന്നാണ്, കുട്ടിയെ ഇടിച്ച് നിർത്താതെ പോയ കാർ കണ്ടെത്താൻ വൈകിയതെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും വിമർശനം.