കോഴിക്കോട്: ഗുണ്ടാനേതാവ് കാക്കത്തോപ്പ് ബാലാജി പേരാമ്പ്രയിൽ ഒളിവിൽ കഴിഞ്ഞതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. പൊലീസിൻ്റെ വെടിയേറ്റ് മരിച്ച കൊടും ക്രിമിനലായ ബാലാജി പേരാമ്പ്ര വെള്ളിയൂരിലാണ് ഒരു മാസക്കാലം ഒളിവിൽ കഴിഞ്ഞിരുന്നത്. ബാലാജിയെ വെള്ളിയൂരിൽ തങ്ങാൻ അനുവദിച്ചത് ആര് എന്ന ചോദ്യമുയർത്തിയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
'നമ്മുടെ പൊലീസ് സംവിധാനങ്ങൾക്ക് എന്തുകൊണ്ട് ഈ വിവരം കിട്ടിയില്ല?. ബാലാജിയെ രക്ഷപ്പെടാൻ സഹായിച്ചതിൽ ആർക്കെങ്കിലും പങ്കുണ്ടോ?. നമ്മുടെ നാട് ക്രിമിനലുകളുടെ താവളമാകാൻ പാടില്ല' ഈ വിഷയങ്ങൾ ഉന്നയിച്ചാണ് ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധത്തിൻ്റെ ഭാഗമായി ഒക്ടോബർ ഒന്നിന് ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വെള്ളിയൂരിൽ ധർണ നടത്തും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആറ് കൊലപാതകം, 14 വധശ്രമം, പണം തട്ടൽ ഉൾപ്പെടെ 58ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കാക്കത്തോപ്പ് ബാലാജി തമിഴ്‌നാട് പൊലീസിൻ്റെ വെടിയേറ്റാണ് മരിച്ചത്. 2024 ജൂലൈ ഒന്ന് മുതൽ 27 വരെയാണ് ഇയാൾ വെള്ളിയൂരിലെ വലിയ പറമ്പിൽ ഒളിവിൽ കഴിഞ്ഞത്. കർക്കടക ഉഴിച്ചിലിൻ്റെ പേരിലാണ് പേരാമ്പ്രയിൽ എത്തിയത്.
ഒടുവിൽ ബാലാജി കൊല്ലപ്പെട്ട വാർത്ത അറിഞ്ഞ് ഞെട്ടിയ നാട്ടുകാർ ഒരു ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചു. 'കൊടും കുറ്റവാളിയായ കാക്കത്തോപ്പിൽ ബാലാജിയെ വെടിവെച്ചു കൊന്ന തമിഴ്‌നാട് പൊലീസിന് അഭിവാദ്യങ്ങൾ, വലിയ പറമ്പിൽ യുവാക്കൾ' എന്നായിരുന്നു അതിലെ വാചകങ്ങൾ.
വലിയപറമ്പ് സ്വദേശിയായ ഒരു ബസ് ഡ്രൈവറുമായുള്ള പരിചയത്തിലാണ് ബാലാജി കോഴിക്കോട്ട് എത്തിയതെന്നാണ് നാട്ടിലെ സംസാരം. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലം കൂടി മനസിലാക്കിയാണ് ബിജെപി വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നത്.