എറണാകുളം: സ്ത്രീകളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പഠിക്കുന്നതിൽ ഹേമ കമ്മിറ്റി പരാജയപ്പെട്ടുവെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി. കമ്മിറ്റിക്ക് മുമ്പാകെ താൻ നിരവധി പേരുടെ പേരുകൾ ഉന്നയിച്ചിരുന്നു. സിനിമ മേഖലയിൽ നിന്ന് ലൈംഗിക അതിക്രമം ഉണ്ടായോ എന്ന് മാത്രമാണ് കമ്മറ്റിയിൽ നിന്ന് അവരോട് ചോദ്യമുയർന്നത്.
സിനിമ മേഖലയിൽ എന്താ ലൈംഗിക അതിക്രമങ്ങൾ മാത്രമേ നടക്കുന്നുള്ളോ?. രൂക്ഷഭാഷയിലാണ് മാധ്യമങ്ങളോട് ഭാഗ്യലക്ഷ്‌മി സംസാരിച്ചത്. ഭാഗ്യലക്ഷ്‌മിക്കെതിരെ തൃശൂർ സ്വദേശിയായ ഹെയർ സ്റ്റൈലിസ്റ്റ് സ്ത്രീ കഴിഞ്ഞ ദിവസങ്ങളിൽ ആരോപണം ഉന്നയിച്ചിരുന്നു. ഫെഫ്‌ക യോഗത്തിൽ വച്ച് തന്നോട് മോശമായി പെരുമാറി. സിനിമ മേഖലയിൽ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നവരുടെ പരാതി കേൾക്കാൻ ഭാഗ്യലക്ഷ്‌മി തടസം നിന്നുവെന്നും മലർന്നു കിടന്നു തുപ്പരുത് എന്നുമൊക്കെയാണെന്ന് ഹെയർ സ്റ്റൈലിസ്റ്റ് ഉന്നയിച്ച ആരോപണങ്ങൾ.
ഇതിനു മറുപടി പറയാൻ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് ഡബ്ല്യുസിസിക്ക് എതിരെ ഭാഗ്യലക്ഷ്‌മി ശബ്‌ദമുയർത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് പുറത്തുവന്നു അന്നുമുതൽ സിനിമ മേഖലയിലെ സ്ത്രീകൾ ഒന്നടങ്കം അപമാനിക്കപ്പെടുകയാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച് വീഴ്‌ചകൾ കണ്ടെത്തി നീതി ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്തരം ഒരു കമ്മിറ്റി. പലരുടെയും പ്രശ്‌നങ്ങൾ കേൾക്കാൻ പോലും കമ്മിറ്റി തയ്യാറായിട്ടില്ല. കമ്മിറ്റി മുമ്പാകെ മൊഴി കൊടുത്ത പലരും മുഖം മറച്ചു കൊണ്ടാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ഞാനടക്കമുള്ളവർ സംസാരിക്കാൻ നിങ്ങളുടെ മുന്നിൽ എത്തിയത് മുഖം മറക്കാതെ ആണെന്ന് ചിന്തിക്കണം. മാധ്യമങ്ങളിലൂടെയോ മറ്റു വഴികളിലൂടെയോ കമ്മിറ്റി റിപ്പോർട്ടിലുള്ള സ്ത്രീകളുടെ പേരു വിവരങ്ങൾ പുറത്തുവരികയാണെങ്കിൽ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആഷിക് അബു- റിമ കല്ലിങ്കൽ താര ദമ്പതിമാർക്കെതിരെ കഴിഞ്ഞദിവസം ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങളിൽ എന്താണ് തെറ്റ്?. ഏതെങ്കിലും ഒരു മാധ്യമം അത് വാർത്തയാക്കിയോ?. ഇവിടത്തെ മാധ്യമങ്ങൾക്ക് അവരെ ഭയമാണോ?. സുചിത്ര എന്ന കലാകാരി, സ്ത്രീ മുഖം മറക്കാതെ ധൈര്യത്തോടുകൂടിയാണ് ചില കാര്യങ്ങൾ വിളിച്ചു പറഞ്ഞത്. അത് കണ്ടില്ല എന്ന് നടിച്ചത് ഏതുതരം മാധ്യമപ്രവർത്തനമാണെന്നും മനസിലാകുന്നില്ല.
ഡബ്ല്യുസിസി സ്ത്രീകൾക്കെതിരെ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സംഘടനയാണ്. അതിനു പിന്നിൽ പുരുഷന്മാരും ഉണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ലൈംഗിക ആരോപണങ്ങളിൽ മാധ്യമങ്ങളും പൊലീസും കാണിക്കുന്ന വ്യഗ്രത ഇതേ കമ്മിറ്റി റിപ്പോർട്ടിൽ തന്നെ പ്രതിപാദിച്ചിരിക്കുന്ന ലഹരി മാഫിയയെ തടയിടുന്നതിൽ കാണിക്കുന്നില്ല എന്നും ഭാഗ്യലക്ഷ്‌മി ആരോപിച്ചു.