കോഴിക്കോട്: 50 വർഷങ്ങള്‍ക്ക് ശേഷം ഒരു അപൂർവ്വ സംഗമം. പതിനഞ്ചാം വയസിൽ വീട് വിട്ടിറങ്ങിയ ബാബുവിനെ തേടി സഹോദരങ്ങൾ എത്തി. ആളെ തിരിച്ചറിഞ്ഞു, ഇനി കൂടെ കൂട്ടി കൊണ്ടു പോകും. വഴി തെളിയിച്ചത് സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിന് കീഴിൽ വെള്ളിമാടുകുന്ന് പ്രവർത്തിക്കുന്ന ആശാഭവനിലെ സൂപ്രണ്ടും സഹപ്രവർത്തകരും.
സംഭവം ഇങ്ങനെ...
കൊല്ലം ജില്ലയിലെ കുടയന്നൂർ സ്വദേശിയായ ബാബു ഏതോ ഒരു ദുർബല നിമിഷത്തിലാണ് വീടുവിട്ടിറങ്ങിയത്. അതൊരു ദേശാടനമായി മാറിയപ്പോൾ താണ്ടിയ വഴികളും മേൽവിലാസവും മറന്നു. നാല് വർഷം മുമ്പാണ് വെള്ളിമാടുകുന്നിലെ ആശാഭവനിൽ എത്തിച്ചേർന്നത്. 48 അന്തേവാസികളാണ് ഭവനത്തിലുള്ളത്. പലർക്കും ബന്ധുക്കളും വീടും ഉണ്ടെങ്കിലും കൂടെ കൈപിടിക്കാൻ ആരും വരില്ല.
അങ്ങനെയിരിക്കെയാണ് ഒറ്റപ്പെടലിന്‍റെ കഥ ബാബു പ്രൊബേഷൻ ഓഫിസറോട് പറഞ്ഞത്. ഓർമ്മയിൽ തപ്പിതടഞ്ഞെത്തിയ വിലാസം കേന്ദ്രീകരിച്ച് ഓഫിസർ അന്വേഷിച്ചു. ഒരു നമ്പർ സംഘടിപ്പിച്ചു. പല തവണ വിളിച്ചെങ്കിലും മറുപടി ഇല്ലായിരുന്നുവെന്ന് ആശാഭവൻ സൂപ്രണ്ട് ഡോ.ഐശ്വര്യ പറഞ്ഞു.
''ആശാഭവനിലെ അന്തേവാസികളിൽ ആരെയെങ്കിലും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകുമെങ്കിൽ ആയിക്കോട്ടെ എന്ന ലക്ഷ്യത്തോടെ കുടുംബ സംഗമം നടത്താൻ തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായി ലഭ്യമായ നമ്പറുകളിലെല്ലാം വിളിച്ചു. അന്ന് ബാബുവിന്‍റെ വിലാസത്തിലുള്ള നമ്പറും കോളായി. കാര്യം പറഞ്ഞു. പിന്നെ നിർത്താതെയുള്ള കരച്ചിലായിരുന്നു.
ബാബുവിന്‍റെ മൂത്ത സഹോദരൻ 75കാരനായ രാജൻ ആയിരുന്നു അത്. പിന്നാലെ ഇളയ സഹോദരൻ സുരേഷിന്‍റെ വീഡിയോ കോൾ വന്നു. തിരിച്ചറിവിന്‍റെ ആ നിമിഷങ്ങൾ കണ്ണിനെ ഈറനണിയിക്കുന്നതാണ്. ഞങ്ങൾക്ക് തന്നെ ഇതൊരു അഭിമാനവും അത്‌ഭുതവുമാണെന്ന് ഐശ്വര്യ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബാബു വീടുവിട്ടിറങ്ങിയപ്പോൾ അച്ഛനും അമ്മയും രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. കാലം കടന്നുപോയവേളയിൽ അച്ഛനും അമ്മയും ഇളയസഹോദരനും കടന്നുപോയി. തന്റെ തിരോധാനത്തിനുശേഷം വീട്ടിൽ പിറന്ന അനുജൻ, കേട്ടുകേൾവിയിൽ മാത്രമുള്ള സഹോദരനെ മൂത്ത സഹോദരനൊപ്പം വന്ന് തിരിച്ചറിഞ്ഞു.
ബന്ധുക്കൾ വരുന്നതറിഞ്ഞ് ബാബുവിന് രണ്ട് ദിവസമായി ശരിയായ ഉറക്കമില്ലായിരുന്നു. ഭക്ഷണത്തോടും താത്‌പര്യമില്ലായിരുന്നു. താനല്ല ആ സഹോദരൻ എന്ന് കേൾക്കേണ്ടി വരുമോയെന്ന ആശങ്ക ആയിരുന്നു അത്.
മറവി രോഗം അലട്ടുമ്പോഴും മരിക്കുന്നവേളയിൽ പോലും അമ്മ തനിക്കുവേണ്ടി കാത്തിരുന്നുവെന്ന് കഴിഞ്ഞദിവസം കേട്ടപ്പോൾ ബാബുവിന് ഉള്ളുപിടഞ്ഞു. അതൊരു കുറ്റബോധമായി വേട്ടയാടുന്നുമുണ്ട്. വീടുവിട്ടുപോന്നതിൽ പിന്നെ തനിക്കൊരു സഹോദരനുണ്ടായിയെന്ന് കേട്ടപ്പോൾ അവനെ ഒന്ന് കാണാനുള്ള തിടുക്കവും ജീവിതസായാഹ്നത്തിലുണ്ടായി.
തന്റെ മറ്റൊരു അനുജൻ സുകുമാരൻ മൂന്നുവർഷം മുമ്പ് മരിച്ചതും വേദന കൂട്ടി. ഏതോ ഒരു ദുർബല നിമിഷത്തിൽ തോന്നിയ ഇറങ്ങിത്തിരിക്കാനുള്ള ചിന്തക്ക് പകരംകൊടുക്കേണ്ടിവന്നത് ഒരായുസിന്റെ അലച്ചിലും ദുരിതവും തെരുവുജീവിതവുമായിരുന്നു.
അവസാനത്തിലെങ്കിലും നല്ലത് വന്നണയുമെന്ന പ്രതീക്ഷയിലാണിപ്പോൾ ബാബു. എന്തിനായിരുന്നു വീടുവിട്ടത്, പിന്നെ എന്തുകൊണ്ട് തിരിച്ചുപോയില്ല എന്ന ചോദ്യത്തിന് തന്റെ ദേശാടനത്തിനിടെ അങ്ങനെയൊരു ചിന്തയുണ്ടായില്ലെന്നാണ് ബാബു ആശാഭവൻ ജീവനക്കാരോട് പങ്കുവയ്ക്കുന്നത്.
നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി നാളെ ബാബു രാജനും സുരേഷിനുമൊപ്പം കൊല്ലത്തേക്ക് തിരിക്കും. അര നൂറ്റാണ്ടിന്‍റെ ഇടവേള തീരുന്ന ആ യാത്രയയപ്പ് ഒരാഘോഷമാക്കാനാണ് സാമൂഹ്യ നീതി വകുപ്പും തീരുമാനിച്ചിരിക്കുന്നത്.