കാസർകോട് : ഗതാഗത തടസമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ അഞ്ച് ദിവസം കഴിഞ്ഞിട്ടും വിട്ടു കിട്ടാത്തതിൽ മനംനൊന്ത് സമൂഹ മാധ്യമത്തിൽ കുറിപ്പിട്ട ശേഷം ഡ്രൈവർ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
കർണാടക മംഗളൂരു പാണ്ഡേശ്വരയിലെ അബ്‌ദുല്‍ സത്താറാണ് (60) മരിച്ചത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കേസെടുത്തത്. തിങ്കളാഴ്‌ച വൈകിട്ടാണ് ഓട്ടോ ഡ്രൈവറും മംഗലാപുരം സ്വദേശിയുമായ അബ്‌ദുല്‍ സത്താറിനെ കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അകാരണമായി തൻ്റെ ഓട്ടോ പൊലീസ് പിടിച്ചുവച്ചുവെന്നും മറ്റ് മാർഗമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഫേസ്ബുക്കിൽ അബ്‌ദുല്‍ സത്താർ പോസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്‌സിൽ സത്താറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലം എസ്ഐ അനൂപിനെ അന്വേഷണ വിധേയമായി സ്ഥലംമാറ്റിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വ്യാഴാഴ്‌ചയാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കി എന്നാരോപിച്ച് അബ്‌ദുല്‍ സത്താറിൻ്റെ ഓട്ടോ പൊലീസ് പിടിച്ചെടുത്തത്. മരണത്തിനു പിന്നാലെ എസ്ഐ അനൂപിനെതിരെ നടപടി ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.
Also Read: പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുനല്‍കിയില്ല; ഡ്രൈവർ ജീവനൊടുക്കി, എസ്ഐയെ സ്ഥലം മാറ്റി