ഗുജറാത്തില്‍ നാശം വിതച്ച അതിതീവ്രമഴ തുടര്‍ന്നുകൊണ്ടിരിക്കുന്നു. നെഞ്ചിടിപ്പേറ്റി കേരളത്തില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥ കേന്ദ്രം. പിന്നാലെ ചര്‍ച്ചയാകുകയാണ് 'അസ്‌ന' ചുഴലിക്കാറ്റ്.
അറബിക്കടലിനും കച്ച് പാകിസ്ഥാന്‍ തീരത്തിനും മുകളില്‍ സ്ഥിതിചെയ്‌തിരുന്ന അതിതീവ്ര ന്യൂനമര്‍ദം അറബിക്കടലില്‍ പ്രവേശിക്കുന്നു. പതിയെ അത് അസ്‌ന ചുഴലിക്കാറ്റായി മാറുന്നു. അസ്‌ന കേരള തീരം തൊടില്ലെങ്കിലും സംസ്ഥാനത്തിന് ആശ്വസിക്കാന്‍ വകയില്ല. കാരണം അസ്‌നയുടെ സ്വാധീനം മൂലം കേരളത്തില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്‌ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.
എന്താണ് അസ്‌ന ചുഴലിക്കാറ്റ് : അസാധാരമായ മണ്‍സൂണ്‍ കാറ്റ് കാരണം രൂപം കൊള്ളുന്നവയാണ് ചുഴലിക്കാറ്റുകള്‍. മണ്‍സൂണ്‍ കാലത്താകട്ടെ ചുഴലിക്കാറ്റുകള്‍ അസാധാരണവും. മണ്‍സൂണ്‍ ഡിപ്രഷനുകള്‍ പടിഞ്ഞാറേക്ക് നീങ്ങുമ്പോള്‍ തെക്കോട്ട് ചെരിഞ്ഞുനില്‍ക്കുന്നതിനാലും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റ് ശക്തമായ തടസം സൃഷ്‌ടിക്കുന്നതിനാലും ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദങ്ങള്‍ ചുഴലിക്കാറ്റുകളായി സാധാരണഗതിയില്‍ മാറാറില്ല.
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചാണ് നിലവില്‍ അസ്‌ന ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടത്. 1964ന് ശേഷം അറബിക്കടലില്‍ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് അസ്‌ന. പാകിസ്ഥാനാണ് അസ്‌നയെന്ന പേര് നല്‍കിത്. നിലവില്‍ ഒമാന്‍ തീരത്തേക്ക് നീങ്ങുകയാണ് അസ്‌ന.
'അസ്‌ന' സ്വാധീനം കേരളത്തില്‍ : മഴ ശക്തിയാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ 14 ജില്ലകളിലും ജാഗ്രത നിര്‍ദേശം ഉണ്ട്. പത്ത് ജില്ലകളിലാണ് കേരളത്തില്‍ ഓറഞ്ച് അലര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
ഇവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്ത മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഈ ജില്ലകളില്‍ 4 മണിക്കൂറില്‍ 115.6 മിമീ മുതല്‍ 204.4 മിമി വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. കൊല്ലം, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
മണ്‍സൂണിലെ അസാധാരണ 'ചുഴലിക്കാറ്റുകള്‍' : 1961, 1964, 2022 വര്‍ഷങ്ങളില്‍ അറബിക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടതായാണ് കാലവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇവയൊന്നും ചുഴലിക്കാറ്റുകളായി രൂപാന്തരപ്പെട്ടിട്ടില്ല. അതേസമയം 1926, 1944, 1976 വര്‍ഷങ്ങളില്‍ കരയിലായിരിക്കുമ്പോള്‍ ന്യൂനമര്‍ദങ്ങള്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിന് സമാനമായി 1976ല്‍ ന്യൂനമര്‍ദം ഉപഭൂകണ്ഡം കടന്ന് അറബിക്കടലില്‍ പ്രവേശിക്കുകയും ചുഴലിക്കാറ്റായി മാറുകയും ചെയ്‌തതായും റിപ്പോര്‍ട്ടുണ്ട്.
Also Read: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്