തിരുവനന്തപുരം : സംസ്ഥാനത്ത് ആശ വർക്കർമാരുടെ ഓണറേറിയം 1,000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ (Minister KN Balagopal Press Release On Asha Workers Honorarium) വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധന. ഇതോടെ ആശ വർക്കർമാരുടെ പ്രതിഫലം 7,000 രൂപയായി (Honorarium for Asha Workers).
26,125 പേർക്കാണ് ഇതിലൂടെ നേട്ടം ലഭിക്കുന്നതെന്നും സംസ്ഥാന സർക്കാരാണ് ഓണറേറിയം പൂർണമായും നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ആശ പ്രവര്‍ത്തകരുടെ പ്രതിഫല വിതരണത്തിന് വേണ്ടി 31.35 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശ വര്‍ക്കര്‍മാര്‍ക്ക് ഇൻസെന്‍റീവായി 2,000 രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യ (എൻഎച്ച്‌എം) പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച തുകയും മൂന്ന് മാസമായി ലഭ്യമാക്കിയിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
നേരത്തെ, ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വിതരണം, ദേശീയ ആരോഗ്യ മിഷൻ (എൻഎച്ച്‌എം) എന്നിവയ്‌ക്ക് വേണ്ടി 99.16 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. 24.16 കോടി രൂപ മാത്രമായിരുന്നു ഈ ഇനത്തില്‍ ബജറ്റ് വിഹിതമായി അവശേഷിച്ചിരുന്നത്. ദേശീയ ആരോഗ്യ മിഷന് കേന്ദ്ര വിഹിതം നിഷേധിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ അധിക വിഹിതമായി 75 കോടി രൂപ കൂടി ലഭ്യമാക്കുകയാണെന്നും ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ധനമന്ത്രി അറിയിച്ചത്.
മിഷന് കേന്ദ്ര വിഹിതവും (Central allocation) സംസ്ഥാനം മുൻകൂർ നൽകേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നതെന്നും അന്ന് മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര വിഹിതമായി 371 കോടി ലഭ്യമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. നാല് ഗഡുക്കളായിട്ടായിരുന്നു ഇത് അനുവദിക്കുക എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അറിയിപ്പ് കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും കേന്ദ്രം ഒരു രൂപ പോലും നല്‍കിയിരുന്നില്ലെന്നും ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
Read More : ആശ വർക്കർമാർക്കും എൻഎച്ച്‌എമ്മിനുമായി 99.16 കോടി: നടപടി കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ