കണ്ണൂർ : സപ്‌ത ഭാഷ സംഗമ ഭൂമിയാണ് കാസർകോട്. ഭാഷകളിലും രുചികളിലും വൈവിദ്ധ്യം പുലർത്തുന്ന ജില്ല, കേരളത്തിന്‍റെ ഏറ്റവും വടക്കുള്ള കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശം.. ഇങ്ങനെ കാസർകോടിനെ കുറിച്ച് വർണിച്ചാൽ തീരാത്ത അത്ര വർണ്ണനകൾ ഉണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് കാസർകോട് മണ്ഡലത്തിൽ മാത്രം കാണുന്ന ഒരു പ്രത്യേകതയുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച ഭൂരിഭാഗം അറിയിപ്പുകളും ഒന്നും രണ്ടും ഭാഷയിൽ അല്ല, ഏഴു ഭാഷകളിലായി ഇവിടെ എഴുതി വെച്ചിട്ടുണ്ടാകും. എന്തിനെന്നല്ലേ..? ഭാഷകൾ കൊണ്ട് വൈവിദ്ധ്യപൂർണമായ കാസർകോട് ജില്ലയില്‍ ഏഴിലധികം ഭാഷകൾ സംസാരിക്കുന്നവർ ഉണ്ട്. അവർക്കു കൂടി കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാനാണ് ഈ രീതി.
ഇതേ ആവേശം ലോക്‌സഭ തെരഞ്ഞെടുപ്പ് രംഗത്ത് ഇത്തവണ തുടരുകയാണ് വ്യത്യസ്ഥ രാഷ്ട്രീയ മുന്നണികൾ. തങ്ങളുടെ സ്ഥാനാർഥിക്ക് വേണ്ടി അറബിയിൽ ചുവരെഴുതിയിരിക്കുകയാണ് കാസർകോട് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. യുഡിഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് വേണ്ടിയാണ് അറബിയിൽ ചുവരെഴുതിയത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിൽ കാര, കാറമേൽ പ്രദേശങ്ങളിൽ ആണ് അറബിയിൽ ചുമരെഴുതിയിട്ടുള്ളത്.
പ്രചാരണ രംഗത്ത് വൈവിധ്യം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആണ് ചുമരെഴുതിയത് എന്ന് പ്രചാരണ കമ്മിറ്റി ചെയർമാൻ എ രൂപേഷ് പറഞ്ഞു. അറബി ഭാഷ കൂടുതൽ അറിയുന്നവർ ഉള്ള പ്രദേശങ്ങളിൽ ആണ് ചുമരെഴുത്ത് നടത്തിയതെന്നും രൂപേഷ് പറഞ്ഞു. രാജേഷ്, ഭരത് ഡിപി, പ്രകാശൻ, അർഷാദ് എന്നിവരാണ് ചുമരെഴുത്തിന് നേതൃത്വം നൽകിയത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി, നിയോജക മണ്ഡലങ്ങളും കാസർഗോഡ് ജില്ലയിലെ തൃക്കരിപൂരും, ഉദുമയും, കാഞ്ഞങ്ങാടും കാസർകോടും, മഞ്ചേശ്വരവും ചേർന്നതാണ് കാസർകോട് പാർലമെന്‍റ് മണ്ഡലം.