കോഴിക്കോട് : തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിന്‍റെ പേരില്‍ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ആരോപണങ്ങള്‍ തെറ്റെന്ന് കേസിലെ പ്രതിയായ അജ്‌മല്‍. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്‍റെ പേരില്‍ അജ്‌മലിനും സഹോദരനുമെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തിരുന്നു. ഇതുവരെ വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല എന്നാണ് വിവരം.
കെഎസ്‌ഇബിക്ക് ഉണ്ടായ നഷ്‌ടം നികത്തിയാല്‍ മാത്രമേ വൈദ്യുതിബന്ധം പുനസ്ഥാപിക്കൂ എന്നാണ് കെഎസ്‌ഇബി നിലപാട്. അധിക ബില്ലില്‍ പ്രതിഷേധിക്കുക മാത്രമാണ് താൻ ചെയ്‌തതെന്നും ഓഫിസ് ആക്രമിച്ചിട്ടില്ലെന്നും അജ്‌മല്‍ പറഞ്ഞു. അധിക ബില്ലിന്‍റെ പേരില്‍ പരസ്‌പരം വാക്കേറ്റമുണ്ടായി. തുടർന്ന് പ്രതിഷേധം എന്ന നിലയില്‍ വീട്ടിലുണ്ടായിരുന്ന പഴയ കറിയെടുത്ത് ഉദ്യോഗസ്ഥന്‍റെ ശരീരത്തില്‍ ഒഴിക്കുകയാണ് ചെയ്‌തത്.
കെഎസ്‌ഇബി ഉദ്യോഗസ്ഥർ പറയുന്ന ബാക്കി കാര്യങ്ങളെല്ലാം വ്യാജമാണ്. ഓഫിസ് ഉപകരണങ്ങളോ കമ്പ്യൂട്ടറോ തകർത്തിട്ടില്ല. അവർ സ്വയം അതൊക്കെ ചെയ്‌തതാണ്. കെഎസ്‌ഇബി ഡ്രൈവറാണ് ഗ്ലാസ് പൊളിച്ചത്. അനുജന്‍റെ തലയ്ക്ക് അടിയേറ്റു. കെഎസ്‌ഇബി ഉദ്യോഗസ്ഥരാണ് ഞങ്ങളെ ആക്രമിച്ചത്. കമ്പ്യൂട്ടറിന്‍റെ മോണിറ്റർ കൊണ്ട് അനുജനെ ആക്രമിച്ചു.
കെഎസ്‌ഇബി ഓഫിസില്‍ നടന്ന എല്ലാ കാര്യങ്ങളും ഫോണില്‍ റെക്കോർഡ് ചെയ്‌തിട്ടുണ്ടായിരുന്നു. ആ ഫോണ്‍ ഉദ്യോഗസ്ഥർ പിടിച്ചുവച്ചിരിക്കുകയാണ്. ആ ഫോണ്‍ പുറത്തുവന്നാല്‍ സത്യം വെളിച്ചത്തുവരും. എന്നെയും അനുജനെയും മർദിക്കുന്ന എല്ലാ ദൃശ്യങ്ങളും ആ ഫോണിലുണ്ട്. കെഎസ്‌ഇബിയും പൊലീസും ഒത്തുകളിച്ചുകൊണ്ട് ആ ഫോണ്‍ ഹാജരാക്കാതിരിക്കുകയാണ്.
ഫോണ്‍ ഹാജരാക്കുന്നതിനായി മജിസ്ട്രേറ്റിന് അപേക്ഷ നല്‍കാൻ പോവുകയാണെന്നും അജ്‌മല്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവമ്പാടി കെഎസ്‌ഇബി സെക്ഷൻ ഓഫിസിലാണ് അതിക്രമം നടന്നത്. ബില്ലടയ്‌ക്കാത്തതിന് അജ്‌മലിന്‍റെ പിതാവ് റസാക്കിന്‍റെ പേരിലുള്ള കണക്ഷൻ വിച്ഛേദിച്ചിരുന്നു.
ഓൺലൈനായി പണം അടച്ചിട്ടും കണക്ഷൻ ലഭിക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്‌ച കെഎസ്‌ഇബി ഓഫിസില്‍ എത്തിയ അജ്‌മല്‍ ഭീഷണി മുഴക്കുകയും ലൈൻമാൻ പ്രശാന്തിനെയും സഹായി അനന്തുവിനെയും കയ്യേറ്റം ചെയ്യുകയും ചെയ്‌തു എന്നാണ് കേസ്.