കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പിപി ദിവ്യ 11ാം ദിവസം പുറത്തിറങ്ങുമ്പോൾ പാർട്ടിയിൽ ക്ലീൻ ബൗൾഡ് ആണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ദിവ്യയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാം സ്ഥാനങ്ങളിൽ നിന്നും സിപിഎം നീക്കിയത്. എങ്കിലും പാർട്ടി കേഡർ എന്ന നിലയിൽ സിപിഎം പൂർണമായും ദിവ്യയെ തള്ളാൻ ഇടയില്ല.
ജാമ്യാപേക്ഷയിൽ പോലും ശക്തമായ വാദ പ്രതിവാദം ആണ് നടന്നത്. തലശേരി ജില്ലാ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു. എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചാണ് ദിവ്യയുടെ അഭിഭാഷകൻ വാദം മുന്നോട്ട് കൊണ്ടുപോയത്.
കൈക്കൂലി നൽകിയതിനാണ് പ്രശാന്തനെ ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്‌തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നും ഇതിൻ്റെ ദൃശ്യങ്ങൾ കെടിഡിസിയുടെ ഹോട്ടലിൽ നിന്ന് ശേഖരിക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
അഞ്ചാം തീയതി പ്രശാന്ത് സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ സ്വർണ വായ്‌പയെടുത്തതും ആറാം തീയതി എഡിഎമ്മും പ്രശാന്തും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ.വിശ്വൻ കോടതിയിൽ വാദിച്ചത്. ജാമ്യം കിട്ടിയ ശേഷവും കൂടുതൽ കാര്യം പുറത്തു വരാൻ ഉണ്ടെന്നാണ് വിശ്വൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാൽ എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീൻ ബാബുവിൻ്റെ കുടുംബം വാദിക്കുകയായിരുന്നു. എഡിഎമ്മിൻ്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്നും രണ്ട് തവണ നോട്ടിസ് നൽകിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും കോടതിയിൽ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന വാദം എങ്ങനെ പറയാൻ കഴിയും. എഡിഎം കുറ്റസമ്മതം നടത്തിയെന്ന ആരോപണം കലക്‌ടര്‍ നിഷേധിച്ചിരുന്നു. കലക്‌ടര്‍ സൗഹൃദത്തോടെ പെരുമാറുന്ന ആളല്ല എന്നും മാനസിക അടുപ്പം ഇല്ലാത്ത കലക്‌ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണെന്നും കോടതിയിൽ ഇവർ വാദിച്ചു.
റവന്യൂ അന്വേഷണത്തിൽ കലക്‌ടര്‍ നേരിട്ട് മൊഴി നൽകിയില്ല. നിയമോപദേശം തേടിയ ശേഷം എഴുതി തയ്യാറാക്കിയ മൊഴിയാണ് നൽകിയത്. സർക്കാർ ജീവനക്കാരൻ പെട്രോൾ പമ്പ് തുടങ്ങണമെന്ന് പറഞ്ഞ് വരുമ്പോൾ ജില്ല പഞ്ചായത്ത് അധ്യക്ഷ തടയേണ്ടതല്ലേ? പ്രശാന്തനെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
14ാം തീയതി വരെ ഫയലിൽ അനുമതി വൈകിപ്പിച്ചു എന്നാണ് ദിവ്യ പറഞ്ഞിരുന്നത്. ദിവ്യ കീഴടങ്ങിയത് നന്നായി. അല്ലെങ്കിൽ പൊലീസും ദിവ്യയും തമ്മിലെ ഒളിച്ചു കളി തുടർന്നേനെ. കലക്‌ടറുടെ മൊഴി ദിവ്യയുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കലക്‌ടറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.
വാദ പ്രതിവാദങ്ങൾക്ക് ഒടുവിൽ ദിവ്യ പുറത്തിറങ്ങുമ്പോൾ കേസ് അന്വേഷണത്തിൽ ഇനി എന്ത് എന്ന ചോദ്യം ആണ് ബാക്കിയാകുന്നത്. സിപിഎമ്മിന്‍റെ പവർ ഹൗസിലെ വനിത നേതാവിന് നിഴൽ പോലെ പാർട്ടി സഹായം ചെയ്യുമെന്ന ആരോപണം പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ചു കഴിഞ്ഞു. അന്വേഷണം വഴി മുട്ടിയാലും സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് എഡിഎമ്മിന്‍റെ കുടുംബം.
Also Read: പിപി ദിവ്യയ്‌ക്ക് ജാമ്യം; 11 ദിവസത്തിന് ശേഷം പുറത്തേക്ക്