കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ രണ്ടറ്റത്തും അധിക റൺവേ (എൻഡ് സേഫ്റ്റി ഏരിയ ആർ.ഇ.എസ്.എ) വികസിപ്പിക്കുന്നതിനായി പരിസ്ഥിതി ക്ലിയറൻസ് വിദഗ്‌ധ സമിതിയുടെ ശുപാർശ. വിമാനത്താവളത്തിലെ സിഎൻഎസ് (കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ, സർവൈലൻസ്) സൗകര്യങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനും വർധിപ്പിക്കുന്നതിനും നിർദേശം നൽകി. വിമാനങ്ങൾ വന്നിറങ്ങുമ്പോഴും പുറപ്പെടുമ്പോഴും നേരിടുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുകയാണ് ആർഇഎസ്എയുടെ (Runway End Safety Area) ലക്ഷ്യം.
2020 ഓഗസ്റ്റ് 7ന് മോശം കാലാവസ്ഥയിൽ ദുബായ്‌യിൽ നിന്ന് കോഴിക്കോടെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം AXB 1344 ലാന്‍ഡിങ്ങിനിടെ തകർന്നിരുന്നു. ലാൻഡിങ്ങിനിടെ തെന്നിമാറിയ വിമാനം റണ്‍വേ മറികടന്ന് മുന്നോട്ട് നീങ്ങുകയും 35 അടി താഴേക്ക് പതിക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് രൂപീകരിച്ച വിദഗ്‌ധ സമിതി കണ്ടെത്തലുകൾക്ക് അനുസരിച്ചുള്ള പ്രവർത്തികളാണ് ഇനി നടപ്പിലാക്കുക.
14.5 ഏക്കർ ഭൂമിയാണ് ആർഇഎസ്എയുടെ നിർമാണത്തിന് വേണ്ടത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുക. റൺവേയുടെ പടിഞ്ഞാറ് അറ്റത്ത് 7 ഏക്കർ സ്ഥലവും കിഴക്കെ അറ്റത്ത് 7.5 ഏക്കർ ഭൂമിയുമാണ് ഈ പദ്ധതിക്കായി ഏറ്റെടുക്കുക.
372.54 ഏക്കർ വിസ്‌തൃതിയുള്ള രാജ്യത്തെ ടേബിൾടോപ്പ് വിമാനത്താവളങ്ങളിലൊന്നാണ് കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. 2004-2015 കാലയളവിൽ സൗദി അറേബ്യ ജംബോ ജെറ്റ്, എമിറേറ്റ്സ്, ഖത്തർ എയർലൈൻസ് ഡബിൾ ഡെക്കർ ജംബോ ജെറ്റ് തുടങ്ങിയ അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ വിമാനങ്ങൾ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു. വികസനം ഫലപ്രാപ്‌തിയിൽ എത്തുന്നതോടെ നിർത്തലാക്കിയ സർവീസുകള്‍ക്ക് പുറമെ പുതിയ സര്‍വീസുകളും ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.