കണ്ണൂർ : കൊടിക്കൂറ നിർമാണം ദൈവികമായി കാണുകയാണ് കണ്ണൂർ പുത്തൻതേർ മഠം അച്യുത വാര്യർ (Taliparamba Achutha Warrier embroidery stitching). പതിറ്റാണ്ടുകളായി കേരളത്തിലെ തൃച്ചംബരം ശ്രീകൃഷ്‌ണ ക്ഷേത്രോത്സവം ഉൾപ്പെടെ മലബാറിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും കൊടിക്കൂറ നിർമിക്കുന്നത് അച്യുത വാര്യരാണ്. 69 വർഷമായി തയ്യൽ രംഗത്തുള്ള പുത്തൻ തേർമഠം അച്യുത വാര്യരെ വയസ് 93 ആയെന്ന ചിന്ത ചെറുതായി അലട്ടുന്നുണ്ടെങ്കിലും തയ്യൽ യന്ത്രം ഇന്നും അച്യുത വാര്യരുടെ കൈകളിൽ ഭദ്രമാണ്.
തളിപ്പറമ്പ ചിന്മയ സ്റ്റോറിന്‍റെ ഉമ്മറത്തിരുന്ന് ക്ഷേത്രോത്സവത്തിൽ ഉയരേണ്ട കൊടിക്കൂറ നിർമിക്കുന്ന തിരക്കിലാണ് വാര്യർ. ഇന്ന് വടക്കേ മലബാറിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും കൊടിക്കൂറ കൃത്യതയോടെ, ദൈവീകമായ ചിഹ്നങ്ങൾ കോർത്തിണക്കി മികച്ച രീതിയിൽ തന്നെയാണ് വാര്യർ നിർമിച്ചു നൽകുന്നത്. ചെറു പ്രായത്തിൽ കണ്ടു പഠിച്ച തൊഴിലാണ് വാര്യർ ഇന്നും ജീവിതമാർഗമായി കൊണ്ടുപോകുന്നത്.
കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്കും അച്യുത വാര്യര്‍ കൊടിക്കൂറ നിർമിച്ചു നൽകുന്നുണ്ട്. ഡൽഹി, പൂനെ, ഗുജറാത്ത് എന്നിവിടങ്ങളിൽ ആണ് പ്രധാനമായും അച്യുത വാര്യരുടെ കൊടിക്കൂറ എത്തിയിട്ടുള്ളത്. ക്ഷേത്രങ്ങളുടെ കൊടിമരത്തിന്‍റെ ഉയരവും കൊടിക്കൂറയുടെ അളവും അച്യുത വാര്യർക്ക് മനപാഠം ആണ്.
ചുവപ്പും കറുപ്പും വെളുപ്പും ചേർന്ന നിറങ്ങളിൽ നാലര മീറ്റർ നീളവും 26 ഇഞ്ച് വീതിയും ഉള്ളതാണ് തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ കൊടിക്കൂറ. കൃത്യതയോടെ, ഭംഗിയോടെ നിർമിച്ച കൊടിക്കൂറയിൽ ഗരുഡൻ ചിന്ഹവും ആലേഖനം ചെയ്‌തിട്ടുണ്ട്. ദൈവികത ഒട്ടും ചോർന്നു പോകാതെ കൃത്യതയോടെ ഭംഗിയോടെ തന്നെയാണ് ക്ഷേത്രങ്ങളിൽ കൊടിക്കൂറ നിർമിക്കുന്നത് എന്ന് അച്യുത വാര്യർ പറയുന്നു.
കൊച്ചുമകൻ സിദ്ധാർഥും കൊടിക്കൂറ നിർമാണത്തിൽ പൂർണ പിന്തുണ നൽകി കൂടെയുണ്ട്. ഓരോ ക്ഷേത്രങ്ങളിലെയും കൊടിമരത്തിലേക്ക് ഉയർത്തേണ്ട കൊടിക്കൂറയിൽ ഓരോ ചിഹ്നങ്ങളാണ് ആലേഖനം ചെയ്യേണ്ടത്.
വിഷ്‌ണു ക്ഷേത്രത്തിൽ പരുന്ത് ആണെങ്കിൽ ശിവനെ ആരാധിക്കുന്ന ക്ഷേത്രത്തിൽ കാളയും ചിലയിടത്ത് ആനയും ഉൾക്കൊള്ളുന്നു. കൃഷ്‌ണന് ഗരുഡനും ശാസ്‌താവിന് കുതിരയും ഭഗവതിക്ക് സിംഹവും എന്നിങ്ങനെയാണ് കൊടിക്കൂറകളിലെ ആലേഖന ചിഹ്നങ്ങൾ.