ഇടുക്കി : പൂപ്പാറയിൽ അന്യ സംസ്ഥാനകാരിയായ 14 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് 90 വർഷം കഠിന തടവ്. പൂപ്പാറ സ്വദേശികളായ സുഗന്ദ്, ശിവകുമാർ, സാമുവൽ എന്നിവർക്കാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സൊ കോടതി കഠിന തടവ് വിധിച്ചത്. കേസിലെ ആറു പ്രതികളിൽ ഒരാളെ വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത രണ്ട് പേരുടെ കേസ് തൊടുപുഴ കോടതിയിലാണ്.
2022 മെയ് മാസത്തിലാണ് സംഭവം. ഇടുക്കി പൂപ്പാറയിൽ സുഹൃത്തുമൊത്ത് തേയില തോട്ടത്തിൽ എത്തിയ പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ പ്രതികൾ പീഡിപ്പിച്ചുവെന്നാണ് പൊലീസ് കേസ്. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്നയാളെ ക്രൂരമായി മർദിച്ച ശേഷമായിരുന്നു പീഡനം. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേർ ഉൾപ്പടെ ആറു പ്രതികൾ ആണ് ഉണ്ടായിരുന്നത്. പീഡനത്തിന് സഹായം ചെയ്ത നാലാം പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെ വിട്ടു.
കേസിലെ പ്രതികളായ സുഗന്ദ്, ശിവകുമാർ, സാമുവൽ എന്നിവർക്ക് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് പിഎ സിറാജ്ജുദീൻ 90 വർഷം തടവ് വിധിച്ചു. ഇവർ നാൽപതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഈ തുക പെൺകുട്ടിക്ക് കൈമാറാനും കോടതി വിധിച്ചു. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി ശിക്ഷ അനുഭവിയ്ക്കണം.
പ്രായപൂർത്തിയാവാത്ത രണ്ട് പേരുടെ കേസ് തൊടുപുഴ ജുവനൈൽ കോടതിയുടെ പരിഗണനയിലാണ്. സംഭവ ദിവസം ഉത്തരേന്ത്യൻ തൊഴിലാളിയായ, പെൺകുട്ടിയുടെ സുഹൃത്ത് മഹേഷ് കുമാർ യാദവ്, കുട്ടിയെ രാജകുമാരിയിലെ റൂമിൽ എത്തിച്ച് പീഡിപ്പിച്ചിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തായ ഖേം സിങ്ങിനൊപ്പം താമസ സ്ഥലത്തേക്ക് പറഞ്ഞുവിടുകയായിരുന്നു. എന്നാൽ ഇയാൾ കുട്ടിയുമായി പൂപ്പാറയിൽ എത്തി മദ്യം നൽകിയ ശേഷം പെൺകുട്ടിയെ ഉപദ്രവിച്ചു.
ഈ സമയത്താണ് പൂപ്പാറ സ്വദേശികൾ യുവാവിനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. മഹേഷ് കുമാർ യാദവിനും ഖേം സിങ്ങിനുമെതിരായ കേസ് ദേവികുളം കോടതിയുടെ പരിഗണനയിലാണ്.