തിരുവനന്തപുരം : പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിയെ പിടികൂടി. പേട്ട പൊലീസ് കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലം - തിരുവനന്തപുരം അതിർത്തിയിലുള്ള ആളാണ് പൊലീസിന്‍റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തട്ടിക്കൊണ്ടു പോകലിൽ കുഞ്ഞിന്‍റെ ബന്ധുക്കൾക്ക് പങ്കില്ലെന്നും പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ഇന്ന് വൈകിട്ട് 6 മണിക്ക് മാധ്യമങ്ങളെ കാണും. തുടർന്ന് കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കും. അതുവരെ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവിടരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കുട്ടിയെ തട്ടിക്കൊണ്ടു പോയത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഉപദ്രവിക്കാനായാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍ കുട്ടിയുടെ ബോധം പോയതോടെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഫെബ്രുവരി 19 വെളുപ്പിനാണ് ബിഹാർ സ്വദേശികളായ ദമ്പതികളുടെ രണ്ട് വയസുകാരിയായ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നത്. കുഞ്ഞിനെ കാണാതായി 20 മണിക്കൂറിനു ശേഷം കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
Also Read : പേട്ടയിൽ നിന്ന് കാണാതായ രണ്ടുവയസുകാരിയുടെ ഡിഎൻഎ പരിശോധന; മാതാപിതാക്കളുടെ സാമ്പിളുകൾ ശേഖരിച്ച് അന്വേഷണസംഘം