കോഴിക്കോട്: നാലുവർഷം മുമ്പ് അബുദാബിയിൽ നടന്ന മലയാളികളുടെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ തന്നെയെന്ന് സിബിഐ കണ്ടെത്തി.
സിബിഐ സംഘം കോഴിക്കോട് ജില്ലാ ജയിലിൽ എത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ നടുത്തൊടിക, നിഷാദ്, കൂത്രാടൻ മുഹമ്മദ്, അജ്മൽ വണ്ടൂർ, പഴയ വാണിയമ്പലം ചീര ഷരീഫ് ,മുളക്കുളങ്ങര ഷബീബ് റഹ്മാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രണ്ട് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടൻ ഷമീം എന്നിവർക്ക് വേണ്ടിയാണ് സിബിഐ സംഘം തിരച്ചില്‍ നടത്തുന്നത്. ഇവരും കൊലപാതക കേസിലെ പ്രതികളാണ്.
കുന്ദമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെയും മാനേജർ ആയിരുന്ന ഡെൻസിയെയും 2020 മാർച്ച് അഞ്ചിനാണ് അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണത്തിൽ കുടുംബത്തിനുള്ള സംശയമാണ് പോലീസ് അന്വേഷണത്തിലേക്ക് എത്തിച്ചത്. ഹാരിസിന്‍റെ മരണം കൈയുടെ ഞരമ്പ് മുറിച്ചായിരുന്നു. ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കി എന്നായിരുന്നു പോലീസിന്‍റെ ആദ്യ നിഗമനം. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷറുണറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനിടെ ഹാരിസിന്‍റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചെങ്കിലും കൊലപാതകമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ഹാരിസിന്‍റെ മാതാവ് നൽകിയ ഹർജിയിൽ കേസ് സിബിഐക്ക് വിടാൻ കേരള ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
തുടർന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ഇരട്ടക്കൊലപാതകം ആണെന്ന് സൂചനകൾ ലഭിച്ച അന്വേഷണ സംഘം ആവശ്യമായ തെളിവുകൾ സമാഹരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് അഞ്ച് പ്രതികളെയും ജയിലിലെത്തി അറസ്റ്റ് ചെയ്തത്. ഷാബ ശരീഫിനെ കൊലപ്പെടുത്തിയ സംഘം തന്നെയാണ് അബുദാബിയിലും കൊല നടത്തിയതിന് പിന്നിലെന്ന് സി.ബി.ഐ കണ്ടെത്തി . ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഷൈബിൻ അഷ്റഫ് പിടിയിലായ ശേഷമാണ് ഇയാളുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഹാരിസിന്‍റെ മരണത്തിലും ഷൈബിൻ അഷ്റഫിനും കൂട്ടാളികൾക്കുമുള്ള പങ്ക് പുറത്തുവന്നത്.
മൂലക്കുരു ചികിത്സകനായിരുന്ന ഷാബാ ശരീഫില്‍ നിന്ന് ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാനായി പ്രതികള്‍ ഷാബാ ശരീഫിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒറ്റമൂലി രഹസ്യം പറഞ്ഞുകൊടുക്കാൻ ഷാബാ ശരീഫ് തയ്യാറാകാതെ വന്നതോടെ ഇയാളെ ഒന്നാം പ്രതി ഷൈബിന്‍റെ വീട്ടിലെ പ്രത്യേക മുറിയില്‍ തടവിൽ പാർപ്പിച്ചു. ഒന്നേക്കാൽ വർഷത്തോളം ഷൈബിനും കൂട്ടാളികളും ഷാബാ ശരീഫിനെ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബർ മാസത്തിൽ ഷൈബിന്‍റ നേതൃത്വത്തിൽ നടന്ന ക്രൂര മര്‍ദ്ദനത്തിനിടെ ഷാബാ ശരീഫ് കൊല്ലപ്പെടുകയായിരുന്നു. കൊലക്ക് ശേഷം മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ആഢംബര കാറിൽ കയറ്റി ചാലിയാർ പുഴയിലേക്ക് വലിച്ചെറിഞ്ഞെന്നുമാണ് പൊലീസ് കണ്ടെത്തല്‍.