എറണാകുളം : എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്‌ടമായി. സെൻട്രൽ പോലീസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായത്. രേഖകള്‍ വീണ്ടും തയാറാക്കി നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എറണാകുളം സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ നഷ്ടമായത്.
കുറ്റപത്രം, മൊഴികൾ എന്നിവയുടെ ഒറിജിനൽ അടക്കം സുപ്രധാന രേഖകളാണ് നഷ്‌ടമായത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകൾ കാണാതായത്. നഷ്‌ടപ്പെട്ട രേഖകളുടെ പകർപ്പുകൾ നല്‍കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. രേഖകൾ കാണാതായത് ഡിസംബറിലാണെന്ന് സെഷൻസ് ജഡ്‌ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2018 ജൂലൈ രണ്ടിനാണ് അഭിമന്യു കുത്തേറ്റ് കൊല്ലപ്പെടുന്നത്. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് ആണ് കേസിലെ ഒന്നാം പ്രതി.