പാലക്കാട് : റോഡിലിറങ്ങിയ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ നിന്ന് പ്രവാസിയും കുടുംബവും അദ്ഭുതകരമായി രക്ഷപ്പെട്ടു. നാടുകാണിച്ചുരത്തിലായിരുന്നു സംഭവം. രണ്ടു കാറുകളിലായി നാടുകാണിച്ചുരം കാണാന്‍ പോയവരാണ് ആനക്കൂട്ടത്തിനു മുന്നില്‍പ്പെട്ടത്.റോഡില്‍ ആനക്കൂട്ടത്തെക്കണ്ട് സംഘത്തിലെ ആദ്യ കാര്‍ മുന്നോട്ടെടുത്തെങ്കിലും അനങ്ങാനാവാതെ രണ്ടാമത്തെ കാര്‍ ആനക്കൂട്ടത്തിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. കാറിനടുത്തെത്തിയ ആന കാലുയര്‍ത്തി വാഹനത്തില്‍ ചവിട്ടുന്നതും പിന്നീട് പിന്തിരിയുന്നതുമടക്കമുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവ ശേഷം പ്രവാസി ഫേസ്ബുക്കിലാണ് വീഡിയോ അടക്കം പങ്കുവെച്ചത്.
സംഭവത്തെക്കുറിച്ച് പ്രവാസിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
ഇന്നലെ17/06 (പെരുന്നാൾ ദിവസം) വൈകുന്നേരം 5 മണിക്കാണ് ഞാനും അനുജൻ സുനിൽ ബാബുവും( മാധ്യമം റിപ്പോര്‍ട്ടര്‍) ഞങ്ങളുടെ കുടുംബങ്ങളും രണ്ട് വാഹനങ്ങളിലായി നാടുകാണി ചുരം കയറാൻ പോയത്. രാത്രി 8 മണിക്ക് തിരിച്ചു പോരുമ്പോൾ റോഡിൽ നല്ല തിരക്കുണ്ട്. ചുരത്തിലെ തേൻമല വളവ് എത്തുന്നതിനു മുമ്പായിത്തന്നെ വഴിയൽ ആനയുണ്ടെന്ന വിവരം ബൈക്കിൽ വരുന്നവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. വാഹനങ്ങൾ വളരെ പതുക്കെയാണ് നീങ്ങുന്നത്.
വ്യൂപോയിന്‍റിന് മുകളിൽ തകരപ്പാടിയിൽ വെച്ചാണ് ആനയും കുഞ്ഞും റോഡിലക്ക് കയറാൻ കാലെടുത്തു വെക്കുന്നതും ഞങ്ങൾ അവരുടെ മുന്നിൽ പെടുന്നതും. അനിയനും കുടുംബവും അവരുടെ വാഹനത്തിൽ ഞങ്ങൾക്കു തൊട്ടു പിറകിലാണുള്ളത്. ഞാൻ പെട്ടെന്ന് വാഹനം മുന്നോട്ടു എടുത്തെങ്കിലും, അപ്പോഴേക്കും അനിയൻ്റെ വാഹനത്തിനടുത്തേക്ക് ആന ഓടിയെത്തിക്കഴിഞ്ഞിരുന്നു.
അവൻ വാഹനം പിന്നിലേക്ക് എടുക്കാൻ ശ്രമിച്ചെങ്കിലും നിറയെ വാഹനങ്ങളുള്ളതിനാൽ വിജയിച്ചില്ല. അപ്പോഴേക്കും ആന അടുത്തെത്തി കലിപൂണ്ട ആന കാറിനെ ആക്രമിച്ചു. മൂന്ന് പ്രാവശ്യം കാൽ കൊണ്ട് കാറിന് ചവിട്ടിയെങ്കിലും, കാൽ അധികം ഉയർത്താനാകാത്തതിനാൽ മുന്നിലെ ബമ്പറും, ബോണറ്റിൻ്റെ മൂലയും , മെയിൻ ലൈറ്റുമാണ് നശിപ്പിക്കാനായത്. അത്രയേ സംഭവിച്ചുള്ളൂ. അൽഹംദുലില്ലാഹ്
ആനയുണ്ടെന്ന വിവരം വഴിമധ്യേ അറിഞ്ഞപ്പോൾ അനിയൻ്റെ മകൾ അഫ്ര വിഡിയോ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ പകർത്തിയതാണ് ഇതോടൊപ്പമുള്ള വീഡിയോ. വഴിക്കടവ് എത്തിയപ്പോൾ ഫോറസ്റ്റ് വകുപ്പിൽ വിവരങ്ങൾ ധരിപ്പിച്ചു. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരിൽ ചിലർ ആനകളെ ശല്യപ്പെടുത്തുന്നതാണ് ഇത്തരം പ്രകോപനങ്ങൾക്ക് പലപ്പോഴും നിമിത്തമാകുന്നതെന്നാണ് ഒരു ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത്. ശരിയായിരിക്കാം. 10 -15 ഇരുചക്ര വാഹനങ്ങളിൽ ആർത്തട്ടഹസിച്ച് പോകുന്നവരെ ഞങ്ങൾ കണ്ടിരുന്നു. വഴിയിൽ ആനയുള്ള വിവരം ഞങ്ങൾക്ക് നൽകിയതും അവരാണ്.
ഇത്തരം വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഫോറസ്റ്റ് വകുപ്പും, അനുബന്ധ വിഭാഗങ്ങളും നൽകുന്ന നിർദ്ദേശങ്ങളും, മുന്നറിയിപ്പ് ബോർഡുകളും കാര്യമായെടുക്കുക. വന്യമൃഗങ്ങളെ ശല്യം ചെയ്യുകയോ, പ്രകോപിപ്പിക്കാതിരിക്കുകയോ ചെയ്യുക. അത് നമ്മുക്കും മറ്റു യാത്രക്കാർക്കും നമ്മൾ ചെയ്യുന്ന വലിയ ഉപകാരമായിരിക്കും.