മലപ്പുറം: പാലക്കടവിലെ ബാവാക്കൻ്റെ ചായക്കടവരെ ഒന്ന് പോയാലോ... 93ൻ്റെ ചുറുചുറുക്കുള്ള ചായ, അത് ഇവിടെക്കിട്ടും. വെറുതെയല്ല... വാര്‍ധക്യത്തിൻ്റെ നര വീണെങ്കിലും 43 കൊല്ലം മുൻപത്തെ അതേ ഉശിരോടെ 93-ാം വയസിലും ബാവാക്ക ചായക്കടയില്‍ ആക്‌ടീവാണ്. ചായക്കടക്ക് പ്രത്യേകിച്ച് പേരൊന്നും എഴുതിവച്ചിട്ടില്ലെങ്കിലും നാട്ടുകാര്‍ക്കിത് ബാവാക്കൻ്റെ ചായക്കടയാണ്.
ആറേകാല്‍ മുതല്‍ എട്ടുമണിവരെ ബാവാക്കയും കടയും സജീവമാണ്. ചാലിയാർ പുഴയ്‌ക്കരെയാണ് ചായക്കട സ്ഥിതി ചെയ്യുന്നത്. മുതലാളിയും തൊഴിലാളിയുമെല്ലാം ഇദ്ദേഹം തന്നെ. ചായക്കടയില്‍ പോയാല്‍ ധാരാളം കഥകള്‍ കേള്‍ക്കാം. പറഞ്ഞാലും തീരാത്ത കഥകള്‍ കേട്ട് കാടിൻ്റെ വന്യ സൗന്ദര്യത്തില്‍ മുഴുകി ഒരു ചായ... ആഹാ അന്തസ്...
ബാവാക്കാക്ക് പ്രായം 93 ആണെങ്കിലും പകൽ മുഴുവൻ കടയിലായിരിക്കും. രാവിലെ ആറേകാലോടെ കടയിലെത്തിയാൽ രാത്രി എട്ടോടെയാണ് മടങ്ങുക. വെള്ളിയാഴ്‌ച മാത്രം രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയാണ് കട. തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ ബാവ 1980-ലാണ് ഇവിടെ എത്തിയത്. അങ്ങനെ ബാവാക്ക പാലക്കടവുകാരനായി. ഇപ്പോള്‍ ഈ മലവാരത്തെ തോട്ടം തൊഴിലാളികൾക്കും പ്രകൃതിഭംഗി കാണാനെത്തുന്നവർക്കുമൊക്കെ അത്താണിയാണ് ബാവാക്കൻ്റെ ചായക്കട.
പുലർച്ചെ തന്നെ തൊഴിലാളികളും മറ്റുമായി കുറേപേർ എത്തും. പ്രഭാതഭക്ഷണം ഒരുക്കി ബാവാക്ക ഇവരെ കാത്തിരിക്കും. പത്രമെത്തുംമുൻപേ കടയിൽനിന്ന് നാട്ടുവാർത്തകൾ ഇറങ്ങും. കാട്ടാന ഇറങ്ങി നാടു വിറപ്പിച്ചതിന്‍റെയും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചതിന്‍റെയും കാലവർഷക്കെടുതികളുടെ നാട്ടുവിശേഷങ്ങളും... അങ്ങനെ ഏറെയുണ്ടാകും വാര്‍ത്തകള്‍. ഇതിനൊപ്പം അതിഥി തൊഴിലാളികളും ചേർന്നാൽ വിവിധ ഭാഷകളുടെ സംഗമകേന്ദ്രവുമാകും ഇവിടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പണ്ടുകാലത്ത് ചാലിയാർ പുഴയിലൂടെ തോണി മാർഗമാണ് കടയിലേക്ക് സാധനങ്ങൾ എത്തിച്ചിരുന്നത്. പിന്നെ മുണ്ടംതോടും കടക്കണം. വർഷകാലത്ത് മലയോരത്തെ യാത്രാദുരിതവും ഏറെയായിരുന്നു. പാലക്കടവിൽ തന്നെയാണ് ഇദ്ദേഹത്തിൻ്റെ വീട്. വനമേഖലയോടുചേർന്ന പ്രദേശമായതിനാൽ ചിലപ്പോഴൊക്കെ ആന ഇറങ്ങാറുണ്ടിവിടെ. വനാതിർത്തികളിൽ വനംവകുപ്പ് സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാത്തതാണു കാരണം. രാത്രി കടയടച്ചു മടങ്ങാൻ നേരം ആനയെ കണ്ട സന്ദർഭങ്ങൾ ബാവാക്ക ഓർത്തെടുത്തു.
കാഴ്‌ചയിൽ ബാവാക്ക കുറച്ചു ഗൗരവക്കാരനാണ്. പക്ഷേ ആളൊരു പാവമാണ്. പരമശുദ്ധൻ... മ്മടെ ബാവാക്കക്ക് ഭാര്യയും 10 മക്കളുമുണ്ട്. ഈ കൊച്ചു കടയാണ് ഈ കുടുംബത്തിൻ്റെ ആശ്രയം. കുടുംബം പുലർത്താൻ ഈ കടയ്ക്കു സാധിച്ചെന്ന് ബാവാക്ക സാക്ഷ്യപ്പെടുത്തുന്നു. അഞ്ച് ആൺമക്കളും അഞ്ച് പെൺമക്കളുമാണ് ഇദ്ദേഹത്തിന്. എല്ലാവരും വിവാഹിതർ... ആൺമക്കളൊക്കെ വിളിപ്പാടകലെത്തന്നെയുണ്ട്.
ഉപ്പാക്ക് ഇനിയൊന്നു വിശ്രമിച്ചുകൂടെ എന്ന് അവരൊക്കെ ഇടക്കിടെ ചോദിക്കാറുണ്ടത്രെ. ഈ കടയിൽ പകലന്തിയോളം ജോലിചെയ്യലാണ് തൻ്റെ വിശ്രമമെന്ന മറുപടിയാകും മക്കളുടെ ചോദ്യത്തിന്. നാലുപതിറ്റാണ്ടുകടന്ന ശീലം നിർത്താനാകുന്നില്ലെന്നും പറഞ്ഞ് ബാവാക്ക ചിരിക്കും.
Read More: എന്നാലും എന്‍റെ മുരിങ്ങേ...!!!; സാമ്പാറിന് ഇനി രുചി കുറയും, കിലോയ്ക്ക് 550 ന് മുകളില്‍