തിരുവനന്തപുരം : 15-ാമത് നിയമസഭയുടെ 11-ാം സമ്മേളനം ജൂൺ 10 മുതൽ ആരംഭിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ അറിയിച്ചു. ഫെബ്രുവരി 5 ന് പാസാക്കിയ ബഡ്‌ജറ്റിന്‍റെ ഡിമാൻഡ് ചർച്ചയാകും സമ്മേളനത്തിൽ പ്രധാനമായും നടക്കുക. ജൂൺ 10 ന് രാവിലെ ചോദ്യോത്തര വേള കഴിഞ്ഞാൽ 15 മത് നിയമസഭയുടെ ഫോട്ടോ സെഷനുമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
അതേ ദിവസം തന്നെ 2024 പഞ്ചായത്തി രാജ് ഭേദഗതി ബിൽ, 2024 ലെ കേരള മുനിസിപ്പാലിറ്റി രണ്ടാം ഭേദഗതി ബിൽ എന്നിവ അവതരിപ്പിച്ച് സബ്ജെക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാർക്ക് ജൂൺ 17 വരെ തുടരാം. ലോക കേരള സഭ നടക്കുന്ന ദിവസങ്ങളിൽ നിയമസഭയുണ്ടാകില്ല.
ജൂൺ 13, 14, 15 ദിവസങ്ങളിലാകും നിയമസഭയിൽ ലോക കേരള സഭ നടക്കുക എന്നും സ്‌പീക്കർ അറിയിച്ചു. നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.