മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗയ്‌ക്കിടെ (La Liga) തുടർച്ചയായി നേരിടേണ്ടി വരുന്ന വംശീയാധിക്ഷേപങ്ങളില്‍ മനം മടുത്ത് റയല്‍ മാഡ്രിഡിന്‍റെ (Real Madrid) ബ്രസീലിയന്‍ ഫോര്‍വേഡ് വിനീഷ്യസ് ജൂനിയർ (Vinicius Junior). വംശീയാധിക്ഷേപങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഫുട്‌ബോള്‍ കളിക്കാനുള്ള തന്‍റെ ആഗ്രഹം തന്നെ കുറഞ്ഞതായി ഏറെ വൈകാരികമായി വെളിപ്പെടുത്തിയിരിക്കുകയാണ് വിനീഷ്യസ്. സാന്‍റിയാഗോ ബെർണബ്യൂവിൽ സ്പെയ്‌ന്‍-ബ്രസീല്‍ സൗഹൃദ മത്സരത്തിന് മുന്നോടിയായിയുള്ള വാര്‍ത്താ സമ്മേളനത്തിനാലാണ് ഇതു സംബന്ധിച്ച ചോദ്യങ്ങളോട് വിങ്ങിപ്പൊട്ടിക്കൊണ്ട് 23-കാരന്‍ പ്രതികരിച്ചത്. (Vinicius Junior against Racism)
"ഏറെക്കാലമായി ഞാന്‍ ഈ വംശീയാധിക്ഷേപം നേരിടുന്നുണ്ട്. ഓരോ തവണയും എന്‍റെ സങ്കടം ഏറുകയാണ്. കളിക്കാനുള്ള എന്‍റെ താല്‍പര്യത്തെ ഇതു വല്ലാതെ കുറയ്‌ക്കുകയാണ്.
മുന്നോട്ടു പോകുന്നത് പ്രായസമാണ്. എന്നെ സംബന്ധിച്ച് ഫുട്‌ബോള്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അതിലും പ്രധാനപ്പെട്ടതാണ് വംശീയതയ്‌ക്ക് എതിരായ പോരാട്ടം"- വിനീഷ്യസ് ജൂനിയർ പറഞ്ഞു.
ബ്രസീലിയന്‍ ക്ലബ് ഫ്ലെമംഗോയില്‍ നിന്നും 2018-ലാണ് വിനീഷ്യല്‍ റയല്‍ മാഡ്രിഡിലേക്ക് എത്തുന്നത്. റയലിനായി കളത്തിലിറങ്ങുമ്പോള്‍ നിരവധി തവണയാണ് വിനീഷ്യസ് ജൂനിയർ വംശീയാധിക്ഷേപങ്ങള്‍ക്ക് ഇരയായത്. എന്നാല്‍ സ്‌പെയ്‌ന്‍ വിട്ട് പോകില്ലെന്നും 23-കാരന്‍ വ്യക്തമാക്കി.
"സ്പെയ്‌ന്‍ വിട്ടുപോവുക എന്ന ഒരു ചിന്ത എന്‍റെ മനസിലൂടെ കടന്ന് പോയിട്ടില്ല. ഞാനത് ചെയ്‌താല്‍ അവര്‍ ആഗ്രഹിക്കുന്നത് നടപ്പാവും. ലോകത്തെ ഏറ്റവും മികച്ച ക്ലബിനൊപ്പം ഞാന്‍ തുടരും. എനിക്ക് കഴിയുന്നത്ര ഗോളുകളടിക്കും.
വംശീയവാദികള്‍ എന്‍റെ മുഖം തുടര്‍ന്നും കാണട്ടെ. ബോള്‍ഡായൊരു താരമാണ് ഞാന്‍. റയല്‍ മാഡ്രിഡിന് വേണ്ടിയാണ് ഞാന്‍ കളിക്കുന്നത്. ഒരുപാട് കിരീടങ്ങള്‍ ഞങ്ങള്‍ നേടും. ഇത് പലർക്കും ഇഷ്‌ടപ്പെടുന്നുണ്ടാകില്ല. ഇരുണ്ട നിറമുള്ള ആളുകള്‍ക്കും സാധാരണ ജീവിതം ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നുത്. അങ്ങനെയാണെങ്കിൽ, കളിക്കുന്നതിൽ മാത്രം എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു"- ബ്രസീലിയന്‍ താരം കൂട്ടിച്ചേര്‍ത്തു.
സ്ഥാനം പടിക്ക് പുറത്ത്: റയല്‍ മാഡ്രിഡില്‍ വിനീഷ്യസിന്‍റെ സഹതാരമായ ഡാനി കാർവാഹാള്‍ നേരത്തെ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. വംശീയവാദികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കരുത് എന്നായിരുന്നു സ്‌പാനിഷ് ഡിഫന്‍ഡറുടെ പ്രതികരണം.
"സ്‌പെയ്‌ന്‍ വര്‍ണവെറിയുള്ള ഒരു രാജ്യമല്ല എന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ ഇവിടെ ഏറെ വംശീയവാദികളുണ്ട്. അവര്‍ പലരും സ്റ്റേഡിയത്തിലേക്ക് എത്താറുണ്ട്. മാഡ്രിഡിന് അടുത്തുള്ള ലെഗനസില്‍ നിന്നാണ് ഞാന്‍ വരുന്നത്.
വ്യത്യസ്‌ത ദേശീയതകളിലുള്ളവര്‍ക്കൊപ്പമാണ് ഞാന്‍ കളിച്ച് വളര്‍ന്നത്. വ്യത്യസ്‌ത തൊലി നിറങ്ങളുള്ള ഏറെ സുഹൃത്തുക്കള്‍ എനിക്കുണ്ട്. സങ്കടകരമായ കാര്യമെന്തെന്നാല്‍, ഫുട്ബോളില്‍ തങ്ങളുടെ അമര്‍ഷം തീർക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്.
അവരുടെ പ്രവര്‍ത്തി മറ്റാരെയങ്കിലും വേദനിപ്പിക്കുന്നുവെന്ന് തോന്നുമ്പോൾ, അവർ അത് കൂടുതൽ ചെയ്യുന്നു. ഇത്തരക്കാരെ ഒരിക്കലും സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുത്. കാരണം കായികരംഗത്ത് നിലനിൽക്കുന്ന ഏറ്റവും വൃത്തികെട്ട കാര്യമാണിത്" -കാർവാഹള്‍ വ്യക്തമാക്കി.