മുംബൈ : ടി20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. അവസാന തീയതിയായ മെയ് ഒന്നിന് ഇന്ത്യന്‍ ടീമിന്‍റെയും പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. 15 അംഗ സ്‌ക്വാഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു.
പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നാണ് വിവരം. ടീമിന്‍റെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായെങ്കിലും ചില സ്‌പോട്ടുകളില്‍ മാനേജ്‌മെന്‍റ് വ്യക്തമായ ധാരണയിലേക്ക് എത്തിയിട്ടില്ലെന്നാണ് വിവരം. അവ ഏതെന്ന് പരിശോധിക്കാം.
ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ : പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് സ്ഥാനമുറപ്പിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി കെഎൽ രാഹുലും സഞ്ജു സാംസണും തമ്മില്‍ കടുത്ത മത്സരമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ സഞ്‌ജു സാംസണിന്‍റെ പ്രകടനം അസാധാരണമായെങ്കിലും രാഹുലിന്‍റെ അനുഭവസമ്പത്താണ് മാനേജ്‌മെന്‍റിനെ ചിന്തിപ്പിക്കുന്നത്.
മൂന്നാം ഓപ്പണർ : രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യയ്‌ക്കായി ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ മൂന്നാം ഓപ്പണറുടെ തെരഞ്ഞെടുപ്പാണ് തലവേദന. ഐപിഎല്ലില്‍ യശസ്വി ജയ്‌സ്വാളിനും ശുഭ്‌മാന്‍ ഗില്ലിനും കാര്യമായ ഫോം പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ കെഎൽ രാഹുലിനെയും സഞ്ജു സാംസണെയും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായി ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യത മാനേജ്‌മെന്‍റ് പരിഗണിക്കുന്നുണ്ട്.
പേസ് ബോളിങ് യൂണിറ്റ് : ജസ്പ്രീത് ബുംറയാണ് ടീമിലെ നമ്പർ വണ്‍ പേസര്‍. ഐപിഎല്ലില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിയാത്ത മുഹമ്മദ് സിറാജിന് രണ്ടാം സ്ഥാനം ഉറപ്പാക്കാനായിട്ടില്ല. അവേഷ് ഖാൻ, മുകേഷ് കുമാർ, അർഷ്ദീപ് സിങ് എന്നിവരും പരിഗണനയിലുണ്ട്.
പവർ ഹിറ്റര്‍മാര്‍ : ഹാർദിക് പാണ്ഡ്യയെയും രവീന്ദ്ര ജഡേജയെയും പോലുള്ളവർ ഐപിഎല്ലിൽ നിറം മങ്ങിയതായി കാണപ്പെട്ടു. മധ്യനിരയിലെ അവരുടെ മോശം പ്രകടനം ആശങ്കാജനകമാണ്. ഇതോടെ ശിവം ദുബെ, റിങ്കു സിങ് എന്നിവരെ ഗൗരവമായി പരിഗണിക്കാൻ സെലക്‌ടര്‍മാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മികച്ച ഐപിഎൽ ഫോം കാരണം തിലക് വർമയെപ്പോലെ ഒരു താരത്തെ പരിഗണിക്കാമെങ്കിലും അതിനുള്ള സാധ്യത വിരളമാണ്.
അതേസമയം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമാണ് ടി20 ലോകകപ്പ് നടക്കുന്നത്. 10 വര്‍ഷത്തിലേറെയായി നീളുന്ന ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ള മറ്റൊരു അവസരമാണിത്.