മുംബൈ: ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ഭാവിയെന്ത്...? കഴിഞ്ഞ ഏറെക്കാലമായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച വിഷയങ്ങളില്‍ ഒന്നാണ് ഇത്. 2020ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണിയാണ് ഇന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ സൂപ്പര്‍ സ്റ്റാര്‍. കഴിഞ്ഞവര്‍ഷം സിഎസ്‌കെയുടെ നായകസ്ഥാനം ധോണി റിതുരാജ് ഗെയ്‌ക്‌വാദിന് കൈമാറിയതോടെ മുൻ ഇന്ത്യൻ നായകന്‍റെ ഐപിഎല്‍ കരിയറും അവസാനഘട്ടത്തിലേക്ക് എത്തിയെന്നാണ് പലരും കരുതുന്നത്.
മെഗ താരലേലം ഉള്‍പ്പടെ നടക്കാനിരിക്കെ വരുന്ന സീസണില്‍ ധോണിയെ ചെന്നൈ നിലനിര്‍ത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെയും മുൻ താരം സുരേഷ് റെയ്‌ന. വരാനിരിക്കുന്ന ഐപിഎല്‍ പതിപ്പിലും ധോണി ചെന്നൈയ്‌ക്കായി കളിക്കണമെന്നാണ് റെയ്‌നയുടെ അഭിപ്രായം.
'കഴിഞ്ഞ സീസണില്‍ എംഎസ് ധോണിയുടെ ബാറ്റിങ്ങ് നമ്മള്‍ കണ്ടതാണ്. അത് നോക്കുകയാണെങ്കില്‍ അടുത്ത ഐപിഎല്ലിലും അദ്ദേഹം കളിക്കണമെന്നാണ് എന്‍റെ ആഗ്രഹം. ധോണിയുടെ പിന്തുണ റിതുരാജിന് ഒരു വര്‍ഷം കൂടി ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു.
അവസാന സീസണില്‍ ആര്‍സിബിക്കെതിരായ തോല്‍വിയില്‍ നിന്നും അവന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായിട്ടുണ്ടാകും. എന്നാലും തന്‍റെ ജോലി എന്താണോ അത് നന്നായി തന്നെ ചെയ്യാൻ അവനായി'- സുരേഷ് റെയ്‌ന പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ചെന്നൈയ്‌ക്കായി 14 മത്സരം കളിച്ച ധോണി 161 റണ്‍സായിരുന്നു നേടിയത്. 220.25 ആയിരുന്നു 43കാരനായ താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ്.
Also Read : ധോണിയെ ടീമില്‍ നിലനിര്‍ത്താൻ സിഎസ്‌കെയുടെ 'കുബുദ്ധി'; പൊളിച്ചടുക്കി കാവ്യ മാരൻ