ഷാര്‍ജ: ശ്രീലങ്കയ്‌ക്ക് എതിരായ ഏഴ് വിക്കറ്റിന്‍റെ ആധികാരിക വിജയത്തോടെ അണ്ടര്‍ 19 ഏഷ്യാ കപ്പിന്‍റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 46.2 ഓവറില്‍ 173 റണ്‍സാണ് നേടിയത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 21.4 ഓവറില്‍ 175 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്.
അര്‍ധ സെഞ്ചുറി നേടിയ 13-കാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് അനായാസ വിജയമൊരുക്കിയത്. ടി20 ശൈലിയില്‍ ശ്രീലങ്കന്‍ ബോളര്‍മാരെ പഞ്ഞിക്കിട്ട വൈഭവ് 36 പന്തുകളില്‍ 67 റണ്‍സടിച്ചു. ആറ് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതമാണ് താരത്തിന്‍റെ പ്രകടനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 8.3 ഓവറില്‍ 91 റണ്‍സാണ് ഓപ്പണര്‍മാരായ വൈഭവും ആയുഷ് മാത്രെയും ചേര്‍ത്തത്. 28 പന്തില്‍ 34 റണ്‍സ് നേടിയ ആയുഷിന്‍റെ പുറത്താവലോടെയാണ് കൂട്ടുകെട്ട് പിരിയുന്നത്. രണ്ടാമനായി തിരികെ കയറും മുമ്പ് 13.4 ഓവറില്‍ ഇന്ത്യയെ 132 റണ്‍സിലേക്ക് എത്തിക്കാന്‍ വൈഭവിന് കഴിഞ്ഞു.
ആന്ദ്രേ സിദ്ധാർത്ഥാണ് (27 പന്തില്‍ 22) പുറത്തായ മറ്റൊരു താരം. ക്യാപ്റ്റന്‍ മുഹമ്മദ് അമാന്‍ (25), കെപി കാര്‍ത്തികേയ (11) എന്നിവര്‍ പുറത്താവാതെ നിന്നാ് ഇന്ത്യന്‍ വിജയം ഉറപ്പിച്ചത്. ക്വാര്‍ട്ടറില്‍ യുഎഇക്കെതിരെയും വൈഭവ് അര്‍ധസെഞ്ചുറി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി മുടക്കി സ്വന്തമാക്കിയ താരമാണ് വൈഭവ്.
ALSO READ: ചാമ്പ്യൻസ് ട്രോഫി 'ഹൈബ്രിഡ് മോഡല്‍'; ഇന്ത്യയും ഐസിസിയും നല്‍കേണ്ടിവരിക കനത്ത വിലയോ?
അതേസമയം ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കയെ മൂന്ന് വിക്കറ്റുകളുമായി ചേതന്‍ ശർമയാണ് എറിഞ്ഞിട്ടത്. 69 റണ്‍സെടുത്ത ലാക്‌വിൻ അഭയസിംഗെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. 42 റണ്‍സെടുത്ത ഷാരുജന്‍ ഷൺമുഖനാഥനാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം.
ഇന്ത്യയ്‌ക്കായി കിരണ്‍ ചോര്‍മാലെ, ആയുഷ് മാത്രെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഫൈനലില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഞായറാഴ്ച ദുബായിലാണ് ഫൈനല്‍ മത്സരം നടക്കുക.