കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ മുന്‍ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ (Sourav Ganguly ) വീട്ടില്‍ മോഷണം. ഗാംഗുലിയുടെ 1.6 ലക്ഷം രൂപ വിലയുള്ള മൊബൈൽ ഫോണാണ് മോഷണം പോയത്. ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്‌തിട്ടുള്ള ഫോണില്‍ വിഐപി നമ്പറുകളും നിര്‍ണായകമായ വ്യക്തിഗത വിവരങ്ങളും ഉണ്ടെന്നാണ് വിവരം.
സംഭവത്തില്‍ 51-കാരനായ ഗാംഗുലി താക്കൂർപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ബെഹാല ചൗരസ്‌തയില്‍ സ്ഥിതി ചെയ്യുന്ന ഗാംഗുലിയുടെ വീട്ടിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയിന്‍റിങ് ജോലികൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് നിര്‍ണായക വിവരങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ മോഷണം പോയിരിക്കുന്നത്. വീട്ടില്‍ പെയിന്‍റിങ് ജോലിക്ക് എത്തിയവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.
ജനുവരി 19-ന് രാവിലെ 11.30-നാണ് താൻ അവസാനമായി ആ ഫോണ്‍ കണ്ടതെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്. "എന്‍റെ ഫോൺ വീട്ടിൽ നിന്നും മോഷണം പോയതായി ഞാന്‍ കരുതുന്നു. ജനുവരി 19ന് രാവിലെ 11.30ഓടെയാണ് ഞാൻ അവസാനമായി ആ ഫോൺ കണ്ടത്.
വീട്ടില്‍ തെരച്ചില്‍ നടത്തി ആ ഫോൺ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞിട്ടില്ല. ഫോൺ നഷ്‌ടപ്പെട്ടതിൽ വലിയ ആശങ്കയുണ്ട്. കാരണം ഫോണില്‍ നിരവധി കോൺടാക്റ്റ് നമ്പറുകളുണ്ട്. വ്യക്തിഗത വിവരങ്ങളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും ആക്‌സസുമുണ്ട്" - ഗാംഗുലി തന്‍റെ പരാതിയില്‍ പറഞ്ഞതായി ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.
ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതിന് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിന്‍റെ ഡയറക്‌ടറായി ഗാംഗുലി ചുമതലയേറ്റിരുന്നു. അതേസമയം അണ്ടര്‍ 19 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച് ഗാംഗുലി നടത്തിയ പ്രസ്‌താവന ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയിരുന്നു. അണ്ടര്‍ 19 ലോകകപ്പിന് ആതിഥേയരാവുന്നത് നഷ്‌ടം വരുത്തുന്ന കാര്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
"അണ്ടര്‍ 19 ലോകകപ്പ് നഷ്‌ടമുണ്ടാക്കുന്ന ടൂർണമെന്‍റാണെന്ന് നിങ്ങൾക്ക് പറയാം. സീനിയർ പുരുഷ ടീമുകൾ പങ്കെടുക്കാത്ത മിക്ക ലോകകപ്പുകളും നഷ്‌ടമുണ്ടാക്കുന്നതാണ്. എന്നാല്‍ അണ്ടർ 19 ലോകകപ്പ് ഇന്ത്യയിൽ നടക്കാത്തതിന്‍റെ കാരണം ഇതല്ല. ഇന്ത്യയില്‍ അത് നടക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്"- ഗാംഗുലി പറഞ്ഞു.
അണ്ടര്‍ 19 ലോകകപ്പിന്‍റെ (under 19 World Cup) ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാനിരിക്കെയായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. ദക്ഷിണാഫ്രിക്കയിലെ സഹാറ പാര്‍ക്ക് വില്ലോമൂര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തില്‍ തങ്ങളുടെ ആറാം കിരീടമാണ് നീലപ്പട ലക്ഷ്യം വയ്‌ക്കുന്നത്.