കൊല്‍ക്കത്ത : നിര്‍ജലീകരണത്തെ തുടര്‍ന്ന് ചികിത്സ തേടിയ ബോളിവുഡ് താരവും ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സഹ ഉടമയുമായ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ ഒന്നാം ക്വാളിഫയറിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വീണ്ടെടുത്ത സാഹചര്യത്തില്‍ മെയ് 26ന് ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ കെകെആറിന് പിന്തുണയുമായി താരം ഉണ്ടാകുമെന്ന് സുഹൃത്തും അഭിനേത്രിയുമായ ജൂഹി ചൗള അറിയിച്ചു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലായിരുന്നു ഒന്നാം ക്വാളിഫയര്‍ മത്സരം. മത്സരത്തില്‍ ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത ഐപിഎല്‍ പതിനേഴാം പതിപ്പിന്‍റെ ഫൈനലിന് യോഗ്യത നേടിയത്. ഈ മത്സരം കാണാനും കൊല്‍ക്കത്ത ടീമിന് പിന്തുണ നല്‍കാനുമായി ഷാരൂഖ് ഖാൻ അഹമ്മദാബാദില്‍ എത്തിയിരുന്നു.
മത്സരത്തിനിടെയാണ് കടുത്ത ചൂടിനെ തുടര്‍ന്ന് താരത്തിന് ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. പിന്നാലെ, അഹമ്മദാബാദിലെ കെഡി ഹോസ്‌പിറ്റലില്‍ താരത്തെ പ്രവേശിപ്പിക്കുകയായിരുന്നു. മക്കളായ സുഹാന ഖാന്‍, അബ്രാം ഖാന്‍, മാനേജർ പൂജ ദദ്‌ലാനി എന്നിവര്‍ക്കൊപ്പമായിരുന്നു ഷാരൂഖ് ഖാൻ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത്.
താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഭാര്യ ഗൗരി ഖാനും സുഹൃത്ത് ജൂഹി ചൗളയും ഭർത്താവ് ജയ് മേത്തയും അഹമ്മദാബാദിലേക്ക് എത്തിയത്. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു താരത്തിന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ജൂഹി ചൗള പുറത്തുവിട്ടത്.
'കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍റെ ആരോഗ്യനില അല്‍പം മോശമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം സുഖം പ്രാപിച്ചിട്ടുണ്ട്. ഞായറാഴ്‌ച ടീം ഫൈനല്‍ കളിക്കുമ്പോള്‍ അവര്‍ക്ക് പിന്തുണയുമായി അവൻ എന്തായാലും ഗാലറിയില്‍ ഉണ്ടാകും'- ജൂഹി ചൗള വ്യക്തമാക്കി.
നാളെ നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറില്‍ വിജയികളാകുന്ന ടീമിനെയാണ് ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരിടുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാൻ റോയല്‍സും തമ്മിലാണ് ഫൈനല്‍ ബെര്‍ത്തിനായി പോരടിക്കുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് രണ്ടാം ക്വാളിഫയര്‍.