രാജ്‌കോട്ട് : വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ തകര്‍പ്പൻ ബാറ്റിങ് പ്രകടനമാണ് യുവതാരം സര്‍ഫറാസ് ഖാന്‍ (Sarfaraz Khan) പുറത്തെടുത്തത്. ആദ്യ ടെസ്റ്റില്‍ ആദ്യമായി ബാറ്റ് ചെയ്യാനെത്തിയ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ പഞ്ഞിക്കിട്ട് കിടിലന്‍ അര്‍ധസെഞ്ച്വറി നേടാന്‍ സര്‍ഫറാസ് ഖാനായിരുന്നു. ഇന്ത്യയുടെ വെള്ള ജഴ്‌സിയില്‍ കളിക്കാനിറങ്ങിയ സര്‍ഫറാസ് രാജ്‌കോട്ടില്‍ ഏകദിന ശൈലിയില്‍ ആയിരുന്നു റണ്‍സ് വാരിക്കൂട്ടിയത്.
രാജ്‌കോട്ട് ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ (India vs England 3rd Test) ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ആറാം നമ്പറിലാണ് സര്‍ഫറാസ് ഖാൻ ക്രീസിലേക്ക് എത്തിയത്. അരങ്ങേറ്റക്കാരന്‍റെ യാതൊരു പരിഭവുമില്ലാതെ സര്‍ഫറാസ് ബാറ്റ് ചെയ്‌തപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിലേക്ക് അതിവേഗം റണ്‍സ് എത്തി. നേരിട്ട 48-ാം പന്തില്‍ താരം ആദ്യ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.
ക്രീസിലെത്തി 45-ാം മിനിറ്റിലായിരുന്നു സര്‍ഫറാസ് വ്യക്തിഗത സ്കോര്‍ 50 തികച്ചത്. നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പടെ ഡ്രസിങ് റൂമില്‍ ഉണ്ടായിരുന്ന താരങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചായിരുന്നു അര്‍ധ സെഞ്ച്വറി നേട്ടത്തിന് സര്‍ഫറാസിനെ അഭിനന്ദിച്ചത്.
ഈ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു തകര്‍പ്പന്‍ റെക്കോഡിലേക്ക് തന്‍റെ പേരും കൂട്ടിച്ചേര്‍ക്കാന്‍ സര്‍ഫറാസ് ഖാനായി. അരങ്ങേറ്റ ടെസ്റ്റില്‍ വേഗത്തില്‍ ഫിഫ്റ്റി നേടുന്ന താരമെന്ന ഹാര്‍ദിക് പാണ്ഡ്യയുടെ റെക്കോഡിനൊപ്പമാണ് സര്‍ഫറാസുമെത്തിയത്. റെക്കോഡ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സര്‍ഫറാസും ഹാര്‍ദിക് പാണ്ഡ്യയും.
1934-ല്‍ 42 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച യാദവേന്ദ്രസിങ്ങാണ് (Yuvraj Of Patiala) ഈ റെക്കോഡിന്‍റെ ഉടമ. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ആയിരുന്നു ഹാര്‍ദിക് പാണ്ഡ്യ 48 പന്തില്‍ ഫിഫ്റ്റിയടിച്ച് റെക്കോഡ് ബുക്കില്‍ പേരുചേര്‍ത്തത് (Fastest Half Century On Test Debut For India).
അതേസമയം, 66 പന്തില്‍ 62 റണ്‍സ് മാത്രമായിരുന്നു മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ സര്‍ഫറാസ് ഖാന് നേടാന്‍ സാധിച്ചത്. നിര്‍ഭാഗ്യകരമായ രീതിയിലൂടെ താരം റണ്‍ ഔട്ട് ആകുകയായിരുന്നു. 9 ഫോറും രണ്ട് സിക്‌സറും അടങ്ങുന്ന തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്‌ചവച്ചാണ് സര്‍ഫറാസ് മടങ്ങിയത് (Sarfaraz Khan Test Debut Innings).
Also Read : 'എന്‍റെ മാത്രം തെറ്റ്'... സര്‍ഫറാസ് ഖാന്‍റെ റണ്‍ഔട്ടില്‍ ക്ഷമാപണം നടത്തി രവീന്ദ്ര ജഡേജ