ഹൈദരാബാദ് : ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20 മത്സരം അക്ഷരാര്‍ഥത്തില്‍ ഇന്ത്യൻ താരം സഞ്ജു സാംസണിന്‍റെ സംഹാര താണ്ഡവമായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ താരം ഇന്ത്യയ്‌ക്കായി 111 റണ്‍സാണ് നേടിയിരുന്നത്. 47 പന്തില്‍ 11 ഫോറും 8 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്‌സ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബംഗ്ലാദേശിനെതിരെയുള്ള ആദ്യ രണ്ട് ടി20 മത്സരങ്ങളിലെ മോശം പ്രകടനത്തില്‍ ആരാധകരില്‍ നിന്ന് വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു സഞ്‌ജു മൂന്നാം ടി20യ്‌ക്ക് ഇറങ്ങിയത്. മത്സരത്തില്‍ 133 റണ്‍സിന്‍റെ തകര്‍പ്പൻ വിജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതിനുപിന്നാലെ നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ താരത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തുകയും ചെയ്‌തു.
ഇപ്പോള്‍ തന്‍റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളി താരം. അനിവാര്യമായ സമ്മർദവും പരാജയങ്ങളും അതിജീവിക്കാൻ താൻ പഠിച്ചെന്നാണ് സഞ്‌ജു പ്രതികരിച്ചത്. തന്‍റെ കഴിവ് തെളിയിക്കാൻ അവസരം നല്‍കിയ പരിശീലകനും ഇന്ത്യൻ താരങ്ങള്‍ക്കും സഞ്ജു നന്ദി അറിയിച്ചു. ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരങ്ങളിലെ തുടർച്ചയായി രണ്ട് ഡക്കുകളും ബംഗ്ലാദേശിനെതിരെയുള്ള ആദ്യ രണ്ട് മത്സരങ്ങളിലോ മോശം പ്രകടനത്തിനും പിന്നാലെയാണ് താരത്തിന്‍റെ തിരിച്ചുവരവ്.
'ശ്രീലങ്കയിൽ നടന്ന രണ്ട് മത്സരങ്ങൾക്ക് ശേഷം, അടുത്ത പരമ്പരയിൽ അവസരം ലഭിക്കുന്നതിൽ എനിക്ക് അൽപ്പം സംശയമുണ്ടായിരുന്നു. പക്ഷേ, അവർ (കോച്ചിങ് സ്റ്റാഫും ക്യാപ്റ്റനും) എന്നെ പിന്തുണച്ചു. അവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു'- മത്സരത്തിന് ശേഷം സഞ്‌ജു പറഞ്ഞു.
പിന്തുണയ്ക്ക് നന്ദി, സമ്മര്‍ദങ്ങളെ അതിജീവിച്ചു:
'ഒരു ഇന്ത്യൻ ക്രിക്കറ്റർ എന്ന നിലയിൽ മാനസികമായി ഒരുപാട് കടന്നുപോകാനുണ്ടെന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് ടി20 ഫോർമാറ്റിൽ. പക്ഷേ ഈ സമ്മർദങ്ങളെയും പരാജയങ്ങളെയും അതിജീവിക്കാൻ ഞാൻ പഠിച്ചു. ഇന്ത്യൻ താരങ്ങളും ക്യാപ്റ്റനും കോച്ചും എന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു,' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് പരമ്പരയിൽ തനിക്ക് ഓപ്പണറുടെ സ്ഥാനം നല്‍കിയ തീരുമാനം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നേരത്തെ അറിയിച്ചിരുന്നു. തന്‍റെ കഴിവ് തെളിയിക്കാൻ ഇത് സഹായിച്ചെന്നും സാംസൺ പറഞ്ഞു. ഓപ്പണര്‍ മുതല്‍ ആറാം സ്ഥാനത്ത് വരെ ബാറ്റിങ് ചെയ്യാൻ തനിക്ക് സാധിക്കും. പരിചയ സമ്പത്താണ് ഇതിന് സഹായിച്ചതെന്നും പവര്‍പ്ലേയില്‍ തനിക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നും താരം വ്യക്തമാക്കി.
5 സിക്‌സര്‍ അടിക്കുമെന്നത് മെന്‍റര്‍ക്ക് കൊടുത്ത വാക്ക്:
'കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് എങ്ങനെ നല്ല രീതിയില്‍ ബാറ്റ് ചെയ്യാമെന്നാണ് പഠിച്ചത്. എനിക്ക് വേണ്ടത്ര സ്‌കോറുകൾ ലഭിച്ചില്ലെങ്കിലും ബാറ്റിങ് ടൈമിങ്ങിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ഞാൻ പവർ പ്ലേയിൽ നിന്ന് പുറത്താകുന്നതിന് മുമ്പ് ഒരു നല്ല സ്‌കോറിലെത്തുമെന്ന് ഉറപ്പാക്കാൻ ശ്രമിക്കാറുണ്ട്' എന്ന് താരം പറഞ്ഞു.
റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറില്‍ 5 സിക്‌സര്‍ അടിച്ചതിലും താരം പ്രതികരിച്ചു. 'അവസാന പരമ്പരകളിൽ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി. ഇതോടെ തീർത്തും നിരാശനായി. എന്നാൽ തിരിച്ചുവരാമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അടുത്ത പരമ്പരയിൽ ഒരോവറിൽ അഞ്ച് സിക്‌സർ നേടണം. എന്‍റെ മെന്‍റര്‍ ആവശ്യപ്പെട്ടത് ഇതായിരുന്നു. ഞാൻ അക്കാര്യം നടപ്പിലാക്കുക മാത്രമാണ് ചെയ്തത്'- സഞ്ജു പ്രതികരിച്ചു.
Read Also: ഇതു കാത്തുവച്ച മറുപടി; നിറഞ്ഞാടി സഞ്‌ജു, സൂര്യയുടെ പിന്തുണ നിര്‍ണായകം