ജയ്‌പൂര്‍: ഐപിഎല്‍ 17-ാം (IPL 2024) സീസണില്‍ മിന്നും തുടക്കം നേടി രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ (Sanju Samson). ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ (Lucknow Super Giants) സീസണ്‍ ഓപ്പണറില്‍ രാജസ്ഥാനായി അര്‍ധ സെഞ്ചുറിയുമായാണ് മലയാളി താരം തിളങ്ങുന്നത്. 33 പന്തുകളിലാണ് സഞ്‌ജു അര്‍ധ സെഞ്ചുറിയിലേക്ക് എത്തിയത്.
2020 മുതല്‍ക്ക് തുടര്‍ച്ചയായ അഞ്ചാം സീസണിലാണിത് ആദ്യ മത്സരത്തില്‍ സഞ്‌ജു തകര്‍പ്പന്‍ പ്രകടനം നടത്തുന്നത്. 2020-ല്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ 32 പന്തുകളില്‍ 74 റണ്‍സായരുന്നു താരം നേടിയത്. 2021-ല്‍ പഞ്ചാബ് കിങ്‌സിനെതിരെ വെടിക്കെട്ട് പ്രകടനം നടത്തിയായിരുന്നു 29-കാരന്‍ കളം നിറഞ്ഞത്.
63 പന്തുകളില്‍ 119 റണ്‍സായിരുന്നു അന്ന് താരം അടിച്ച് കൂട്ടിയത്. 2022, 2023 സീസണുകളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആയിരുന്നു സഞ്‌ജു സാംസണ്‍ ആദ്യ മത്സരം കളിച്ചത്. 2022-ല്‍ 27 പന്തുകളില്‍ 55 റണ്‍സും കളിഞ്ഞ സീസണില്‍ 32 പന്തുകളില്‍ 55 റണ്‍സുമായിരുന്നു സഞ്‌ജു അടിച്ചത്.
ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് അവകാശവാദമുന്നയിക്കാന്‍ സഞ്‌ജുവിന് കഴിയും. നിലവില്‍ ഇഷാന്‍ കിഷന്‍ സെലക്‌ടര്‍മാരുടെ ഗുഡ് ബുക്കില്‍ നിന്നും പുറത്തായതും മലയാളി താരത്തിന് പ്രതീക്ഷയേറ്റുന്നതാണ്.
രാജസ്ഥാൻ റോയൽസ് (പ്ലേയിങ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറെൽ, രവിചന്ദ്രൻ അശ്വിൻ, സന്ദീപ് ശർമ, ആവേശ് ഖാൻ, ട്രെന്‍റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ.
രാജസ്ഥാൻ റോയൽസ് സബ്‌സ്: നാന്ദ്രെ ബർഗർ, റോവ്മാൻ പവൽ, തനുഷ് കൊട്ടിയന്‍, ശുഭം ദുബെ, കുൽദീപ് സെൻ.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിങ് ഇലവൻ): കെഎൽ രാഹുൽ (ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്‌ദത്ത് പടിക്കൽ, ആയുഷ് ബദോനി, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ, ക്രുണാൽ പാണ്ഡ്യ, രവി ബിഷ്‌ണോയ്, മൊഹ്‌സിൻ ഖാൻ, നവീൻ ഉൾ ഹഖ്, യാഷ് താക്കൂർ.
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് സബ്‌സ്: ദീപക് ഹൂഡ, മായങ്ക് യാദവ്, അമിത് മിശ്ര, പ്രേരക് മങ്കാഡ്, കെ ഗൗതം.