ന്യൂഡല്‍ഹി : ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ ഫീല്‍ഡ് അമ്പയറുമായി തര്‍ക്കിച്ച സഞ്ജുവിന് പിഴയിട്ട് ബിസിസിഐ. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് വേണ്ടി അവരുടെ നായകൻ കൂടിയായ സഞ്ജു നേടിയത് 46 പന്തില്‍ 86 റണ്‍സായിരുന്നു. മുകേഷ് കുമാര്‍ എറിഞ്ഞ മത്സരത്തിലെ 16-ാം ഓവറില്‍ ലോങ് ഓണില്‍ ഷായ് ഹോപിന് ക്യാച്ച് നല്‍കിയായിരുന്നു സഞ്ജു പുറത്തായത്.
ലോങ് ഓണില്‍ നിന്നും ഷായ് ഹോപ് കൈപ്പിടിയിലാക്കിയ സഞ്ജുവിന്‍റെ ക്യാച്ച് വലിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. സഞ്ജു അടിച്ചുയര്‍ത്തിയ പന്ത് കൈപ്പിടിയിലാക്കിയ ശേഷം നിയന്ത്രണം വിട്ട ഹോപ് ബൗണ്ടറി കുഷ്യനില്‍ ചവിട്ടിയെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നിട്ടും താരം പുറത്താണ് എന്ന തീരുമാനമാണ് തേര്‍ഡ് അമ്പയര്‍ മത്സരത്തില്‍ സ്വീകരിച്ചത്. ഇതില്‍ പ്രകോപിതനായാണ് സഞ്ജു ഓണ്‍ഫീല്‍ഡ് അമ്പയറായ അനന്തപദ്‌മനാഭനുമായി തര്‍ക്കിച്ച ശേഷം ഗ്രൗണ്ട് വിട്ടത്.
സഞ്ജുവിന്‍റെ ഈ ചോദ്യം ചെയ്യലാണ് ഇപ്പോള്‍ ബിസിസിഐയേയും ചൊടിപ്പിച്ചിരിക്കുന്നത്. അമ്പയറുമായി കയര്‍ത്തതിന് താരം മാച്ച് ഫീയുടെ 30 ശതമാനം പിഴയൊടുക്കണമെന്നാണ് നിര്‍ദേശം. അതേസമയം, ഡല്‍ഹി - രാജസ്ഥാൻ മത്സരത്തിലെ ഗെയിം ചേഞ്ചിങ് മൊമന്‍റ് ആയിരുന്നു സഞ്ജു സാംസണിന്‍റെ പുറത്താകല്‍. നായകൻ വീണതോടെ പ്രതിരോധത്തിലായ രാജസ്ഥാൻ റോയല്‍സ് മത്സരത്തില്‍ 20 റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ 222 റണ്‍സായിരുന്നു രാജസ്ഥാന്‍റെ വിജയലക്ഷ്യം.
ഈ കൂറ്റൻ സ്കോറിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (4) നഷ്‌ടമായി. തുടര്‍ന്ന് മൂന്നാം നമ്പറിലായിരുന്നു സഞ്ജു സാംസണ്‍ ക്രീസിലേക്ക് എത്തിയത്. പവര്‍പ്ലേയില്‍ ജോസ് ബട്‌ലര്‍ താളം കണ്ടെത്താൻ വിഷമിച്ചപ്പോള്‍ സഞ്ജുവാണ് റോയല്‍സിനായി തകര്‍ത്തടിച്ച് സ്കോര്‍ ഉയര്‍ത്തിയത്.
19 റണ്‍സ് നേടിയ ബട്‌ലറെ പവര്‍പ്ലേ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് രാജസ്ഥാന് നഷ്‌ടമായിരുന്നു. പിന്നാലെയെത്തിയ റിയാൻ പാരഗും സഞ്ജുവിന് നല്ല പിന്തുണ നല്‍കി. എന്നാല്‍ 27 റണ്‍സ് മാത്രമായിരുന്നു പരാഗിന് അടിച്ചെടുക്കാൻ സാധിച്ചത്. തുടര്‍ന്ന്, 15.4 ഓവറില്‍ സ്കോര്‍ 162ല്‍ നില്‍ക്കെയായിരുന്നു സഞ്ജുവിന്‍റെ പുറത്താകല്‍.
Also Read : കളി മാറ്റിയത് സഞ്ജുവിന്‍റെ പുറത്താകല്‍, ഡല്‍ഹിക്ക് മുന്നിലും വീണ് രാജസ്ഥാൻ - DC Vs RR Match Result
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് എട്ട് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു 221 എന്ന സ്കോറിലേക്ക് എത്തിയത്. ഡല്‍ഹിക്ക് വേണ്ടി ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍കും (20 പന്തില്‍ 50), അഭിഷേക് പോറെലും (36 പന്തില്‍ 65) അര്‍ധസെഞ്ച്വറിയടിച്ചിരുന്നു.