മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഓരോ താരത്തിനും ഏറെ നിര്‍ണായകമാണ്. പ്രധാനമായും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആരാവും എത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. റിഷഭ് പന്ത് ടീമില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലേക്ക് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്‌ജു സാംസണെ പിന്തുണച്ചിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ സഞ്‌ജയ് മഞ്ജരേക്കര്‍. ഒരു ബാറ്റര്‍ എന്ന നിലയില്‍ സഞ്‌ജു ഏറെ പക്വത പ്രാപിച്ചിട്ടുണ്ടെന്നാണ് സഞ്‌ജയ് മഞ്ജരേക്കറുടെ നിരീക്ഷണം.
പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ് സഞ്‌ജു സാംസണ്‍ നിലവില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. " ഇന്ത്യന്‍ ടീമിന്‍റെ അകത്തും പുറത്തുമായി ഏറെ നാളായി സഞ്‌ജുവുണ്ട്. ഒടുവിൽ അവനില്‍ നിന്നും നമ്മൾ പ്രതീക്ഷിക്കുന്ന പ്രകടനങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയിരിക്കുന്നു. സഞ്ജു ഇപ്പോള്‍ ആ പഴയ സഞ്ജുവല്ല.
ബാറ്ററെന്ന നിലയില്‍ അവന്‍ ഏറെ പക്വത കൈവരിച്ചിരിക്കുന്നു. മാത്രമല്ല, സ്ഥിരതയോടെയാണ് അവന്‍ കളിക്കുന്നത്. ഇന്ത്യയ്ക്ക് അവരുടെ ടി20 ടീമിൽ ഇത്തരത്തിലുള്ള ഒരു കളിക്കാരനെ വേണം"- സഞ്‌ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനമാണ് നിലവില്‍ സഞ്‌ജു നടത്തുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നും 55.20 ശരാശരിയിലും 115.05 സ്‌ട്രൈക്ക് റേറ്റിലും 276 റണ്‍സാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. പ്രകടനത്തോടെ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തും സഞ്‌ജുവുണ്ട്.
ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ടൂര്‍ണമെന്‍റ് കളിക്കുകയെന്ന് ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മെയ് ഒന്നിന് ഇന്ത്യന്‍ സ്‌ക്വാഡിന്‍റെ പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതിയാണിത്.
10 വര്‍ഷങ്ങളില്‍ ഏറെ നീണ്ട ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് ടി20 ലോകകപ്പില്‍ നീലപ്പട ലക്ഷ്യം വയ്‌ക്കുന്നത്. എംഎസ് ധോണിയുടെ നേതൃത്വത്തില്‍ 2013-ല്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം മറ്റൊരു ഐസിസി കിരീടം ഇന്ത്യയ്‌ക്ക് കിട്ടാക്കനിയാണ്. ഇതിന് ശേഷം കയ്യകലത്തില്‍ ഒന്നിലേറെ കിരീടങ്ങളാണ് ടീമിന് നഷ്‌ടമായത്. കഴിഞ്ഞ വര്‍ഷം സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പിന്‍റെ ഫൈനലടക്കം കളിച്ചുവെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.