കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ലീഗായ എസ്എ20 (SA20) കിരീടം എയ്ഡന്‍ മാര്‍ക്രം (Aiden Markram) നായകനായ സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ് (Sunrisers Eastern Cape) സ്വന്തമാക്കി. ഫൈനലില്‍ കേശവ് മഹാരാജ് നയിച്ച ഡര്‍ബൻസ് സൂപ്പര്‍ ജയന്റ്സിനെ (Durban's Super Giants) 89 റണ്‍സിനാണ് സണ്‍റൈസേഴ്സ് പരാജയപ്പെടുത്തിയത് (SA20 Final Result). തുടര്‍ച്ചയായ രണ്ടാം തവണയാണ് എയ്ഡന്‍ മാര്‍ക്രമിന്റെയും സംഘത്തിന്റെയും കിരീട നേട്ടം.
ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ട്രിസ്റ്റണ്‍ സ്റ്റബ്സ് (Tristan Stubbs), ടോം അബേല്‍ (Tom Abell) എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്സ് 17 ഓവറില്‍ 115 റണ്‍സില്‍ ഓള്‍ഔട്ടായി. മാര്‍കോ യാന്‍സന്റെ (Marco Jansen) അഞ്ച് വിക്കറ്റ് പ്രകടനമാണ് ലീഗില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ സൂപ്പര്‍ ജയന്റ്സിനെ തകര്‍ത്തത്.
205 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സൂപ്പര്‍ ജയന്റ്സ് തുടക്കത്തില്‍ തന്നെ തകര്‍ന്നു. സ്കോര്‍ ബോര്‍ഡില്‍ 7 റണ്‍സ് മാത്രം ഉള്ളപ്പോഴാണ് അവര്‍ക്ക് ആദ്യത്തെ മൂന്ന് വിക്കറ്റും നഷ്ടപ്പെട്ടത്. ക്വിന്റണ്‍ ഡി കോക്ക് (3), ജെജെ സ്മട്സ് (1), ഭാനുക രജപക്സെ (0) എന്നിവരുടെ വിക്കറ്റാണ് ഡര്ബന്സിന് തുടക്കത്തില്‍ നഷ്ടമായത്.
പിന്നീട് ക്രീസിലൊരുമിച്ച മാത്യു ബ്രീറ്റ്സ്കെ (18), വിയാന്‍ മുള്‍ഡര്‍ (38) സഖ്യം ടീമിനെ 50 കടത്തി. പത്താം ഓവറില്‍ സ്കോര്‍ 63ല്‍ നില്‍ക്കെ മുള്‍ഡറെ വീഴ്ത്തി സിമോന്‍ ഹാര്‍മര്‍ ഡര്ബന്സിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ വെടിക്കെട്ട് ബാറ്റര്‍ ഹെൻറിച്ച് ക്ലാസന് ഗോള്‍ഡന്‍ ഡക്കായതും അവര്‍ക്ക് തിരിച്ചടിയായി.
തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ഡര്‍ബന്‍സ് വിക്കറ്റുകള്‍ പിഴുത് സണ്‍റൈസേഴ്സ് കളി പിടിച്ചു. ഡ്വെയ്ൻ പ്രിട്ടോറിയസാണ് ഡര്‍ബന്‍സ് നിരയില്‍ പിടിച്ചുനിന്ന മറ്റൊരു താരം. 17 പന്തില്‍ 28 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
കേശവ് മഹാരാജ് (5), ജൂനിയര്‍ ഡാല (15), റീസ് ടോപ്ലി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 5 പന്തില്‍ 3 റണ്‍സുമായി നവീന്‍ ഉല് ഹഖ് പുറത്തകാതെ നിന്നു.
നേരത്തെ, ആദ്യം ബാറ്റ് ചെയ്യാനെത്തിയ സണ്‍റൈസേഴ്സിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് മലാനെ നഷ്ടപ്പെട്ടു. പിന്നീട് ജോര്ഡന് ഹെര്‍മാന്‍ (42) മൂന്നാം നമ്പരിലെത്തിയ ടോം അബേലിനെ (55) കൂട്ടുപിടിച്ച് സ്കോര്‍ ഉയര്‍ത്തി. ഒരേ ഓവറില്‍ ഇരുവരും പുറത്തായതോടെ സ്കോറിങ് ദൗത്യം നായകന് എയ്ഡന്‍ മാര്‍ക്രവും (42) ട്രിസ്റ്റണ്‍ സ്റ്റബ്സും (56) ഏറ്റെടുക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 98 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടായിരുന്നു ഇരുവരും ചേര്‍ന്നുണ്ടാക്കിയത്.
Also Read : 'സൂക്ഷിച്ചോ,അവന് തലവേദനയാവും' ; ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ നായകന്