ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഹൈദരാബാദിലെ ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 35 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഹൈദരാബാദിന്‍റെ ആദ്യ തോല്‍വിയാണിത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ബെംഗളൂരു നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 206 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. കാമറൂൺ ഗ്രീൻ, കരണ്‍ ശര്‍മ, സ്വപ്‌നില്‍ സിങ് എന്നിവര്‍ ആര്‍സിബിക്കായി രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നിലേക്ക് 207 റണ്‍സ് വിജയലക്ഷ്യം സമ്മാനിച്ച ആര്‍സിബി മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ മികച്ച രീതിയില്‍ പന്തെറിഞ്ഞു. പവര്‍പ്ലേയ്‌ക്കുള്ളില്‍ തന്നെ ഹൈദരാബാദിന്‍റെ നാല് വിക്കറ്റാണ് ആര്‍സിബി ബൗളര്‍മാര്‍ സ്വന്തമാക്കിയത്. മത്സരത്തിന്‍റെ ആദ്യ ഓവറില്‍ തന്നെ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (1) മടക്കി വില്‍ ജാക്‌സ് ആതിഥേയരെ പ്രതിരോധത്തിലാക്കി.
എന്നാല്‍, മറുവശത്ത് അഭിഷേക് ശര്‍മ തകര്‍ത്തടിച്ചതോടെ അവരുടെ സ്കോറും ഉയര്‍ന്നു. 13 പന്തില്‍ 31 റണ്‍സ് നേടിയ അഭിഷേകിന്‍റെ വിക്കറ്റ് മത്സരത്തിന്‍റെ നാലാം ഓവറില്‍ യാഷ് ദയാലാണ് നേടിയത്. അഞ്ചാം ഓവറില്‍ സ്വപ്‌നില്‍ സിങ്ങിന്‍റെ ഇരട്ടപ്രഹരം.
എയ്‌ഡൻ മാര്‍ക്രം (7), ഹെൻറിച്ച് ക്ലാസൻ (7) എന്നിവരെയാണ് ബെംഗളൂരുവിന്‍റെ ഇംപാക്‌ട് പ്ലെയറായെത്തിയ സ്വപ്‌നില്‍ സിങ് തിരികെ പവലിയനിലേക്ക് എത്തിച്ചത്. നിതീഷ് കുമാര്‍ റെഡ്ഡിയുടെ (13) ചെറുത്ത് നില്‍പ്പ് എട്ടാം ഓവര്‍ എറിയാനെത്തിയ കരണ്‍ ശര്‍മ അവസാനിപ്പിച്ചു. പിന്നാലെ, തന്‍റെ അടുത്ത ഓവറില്‍ അബ്‌ദുല്‍ സമദിന്‍റെ വിക്കറ്റും നേടാൻ കരണ്‍ ശര്‍മയ്‌ക്കായി.
ഇതോടെ, 9.1 ഓവറില്‍ 85-6 എന്ന നിലിയിലേക്ക് ഹൈദരാബാദ് വീണു. എട്ടാം നമ്പറില്‍ ക്രീസിലെത്തിയ നായകൻ പാറ്റ് കമ്മിൻസ് തകര്‍ത്തടിച്ചെങ്കിലും താരത്തിന് ക്രീസില്‍ അധികം ആയുസുണ്ടായിരുന്നില്ല. 15 പന്തില്‍ 31 റൺസ് നേടിയ താരം 14-ാം ഓവറിലെ ആദ്യ പന്തില്‍ കാമറൂണ്‍ ഗ്രീനിന് മുന്നില്‍ വീഴുകയായിരുന്നു.
16-ാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിന്‍റെ വിക്കറ്റും ഗ്രീൻ സ്വന്തമാക്കി. ഷഹബാസ് അഹമ്മദ് (40), ജയദേവ് ഉനദ്‌ഘട്ട് (8) എന്നിവരുടെ ചെറുത്ത് നില്‍പ്പ് ഹൈദരാബാദിന്‍റെ തോല്‍വി ഭാരം കുറയ്‌ക്കുന്നത് മാത്രമായി.
നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി വിരാട് കോലി (43 പന്തില്‍ 51), രജത് പടിദാര്‍ (20 പന്തില്‍ 50) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. കാമറൂണ്‍ ഗ്രീൻ (20 പന്തില്‍ 37*), ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസ് (12 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചു. ഹൈദരാബാദിനായി പന്തെറിഞ്ഞ ജയദേവ് ഉനദ്‌ഘട്ട് മൂന്ന് വിക്കറ്റാണ് മത്സരത്തില്‍ നേടിയത്.