മുംബൈ: രഞ്ജി ട്രോഫി (Ranji Trophy) സെമി ഫൈനലില്‍ മുംബൈയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ തമിഴ്‌നാട് ക്യാപ്റ്റന്‍ ആര്‍ സായ് കിഷോറിനെ ( R Sai Kishore ) പരസ്യമായി തള്ളിപ്പറഞ്ഞ് പരിശീലകന്‍ സുലക്ഷൺ കുല്‍ക്കര്‍ണി (Sulakshan Kulkarni). മത്സരത്തില്‍ ടോസ് നേടിയ ശേഷം ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമാണ് തമിഴ്‌നാടിന്‍റെ തോല്‍വിക്ക് കാരണമെന്നാണ് സുലക്ഷൺ കുല്‍ക്കര്‍ണി പറയുന്നത്.
ബാറ്റ് ചെയ്യാനിറങ്ങി ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ തങ്ങള്‍ക്ക് മത്സരം നഷ്‌ടമായിരുന്നതായും തമിഴ്‌നാട് പരിശീലകന്‍ പറഞ്ഞു. "കാര്യങ്ങള്‍ ഉള്ളതുപോലെ പറയുന്ന ഒരാളാണ് ഞാന്‍. ആദ്യ ദിനത്തില്‍ ഒമ്പത് മണിക്ക് തന്നെ ഞങ്ങള്‍ക്ക് ഈ മത്സരം നഷ്‌ടമായിരുന്നു. അതിന് മുന്നെയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. ഞങ്ങള്‍ ടോസ് വിജയിച്ചു.
ഒരു പരിശീലകന്‍ എന്ന നിലയിലും ഒരു മുംബൈക്കാരന്‍ എന്ന നിലയിലും ഈ പിച്ചിലെ സാഹചര്യങ്ങള്‍ എനിക്ക് അറിയാമായിരുന്നു. ടോസ് നേടിയാല്‍ ആദ്യം ബോള്‍ ചെയ്യണമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ മറ്റൊരു തീരുമാനമാണ് എടുത്തത്. അദ്ദേഹത്തിന്‍റെ ചിന്ത മറ്റൊരു തരത്തിലായിരിക്കാം. ക്യാപ്റ്റനെന്ന നിലയില്‍ ആത്യന്തികമായി അദ്ദേഹമാണ് ബോസ്. എനിക്കെന്‍റെ അഭിപ്രായവും ആവശ്യമായ നിര്‍ദേശങ്ങളുമേ നല്‍കാന്‍ കഴിയൂ.
ആദ്യ ഓവറില്‍ തന്നെ ഞങ്ങളുടെ ഇന്‍റര്‍നാഷണല്‍ പ്ലെയര്‍ വിക്കറ്റായി. പിന്നീട് ആദ്യ മണിക്കൂറില്‍ ഞങ്ങള്‍ മത്സരം തന്നെ നഷ്‌ടമാവുകയും ചെയ്‌തു. തിരിച്ചുവരവ് ഏറെ പ്രയാസകരമായിരുന്നു. എന്തു തന്നെ ആയാലും അതു ക്യാപ്റ്റന്‍റെ തീരുമാനമായിരുന്നു. അതു മത്സരത്തിന്‍റെ വിധി നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു" -സുലക്ഷൺ കുല്‍ക്കര്‍ണി പറഞ്ഞു.
മത്സരത്തില്‍ ഇന്നിങ്‌സിനും 70 റണ്‍സിനുമായിരുന്നു തമിഴ്‌നാടിനെ മുംബൈ തോല്‍പ്പിച്ചത് (Mumbai vs Tamil Nadu). ആദ്യ ഇന്നിങ്‌സില്‍ 232 റണ്‍സിന്‍റെ കടവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ തമിഴ്‌നാടിനെ മുംബൈ 162 റണ്‍സില്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ തമിഴ്‌നാട് ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ മുംബൈ ബോളര്‍മാര്‍ അനുവദിച്ചില്ല.
സായ് സുദര്‍ശന്‍ (0), എന്‍ ജഗദീഷന്‍ (4), പ്രദോഷ് രഞ്ജൻ പോള്‍ (8), ക്യാപ്റ്റന്‍ ആര്‍ സായ് കിഷോര്‍ (1), ബാബ ഇന്ദ്രജിത്ത് (11) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ 42-ന് അഞ്ച് എന്ന നിലയിലേക്ക് തമിഴ്‌നാട് തകര്‍ന്നിരുന്നു. പിന്നീട് വിജയ് ശങ്കര്‍ (44), വാഷിങ്‌ടണ്‍ സുന്ദര്‍ (43) എന്നിവര്‍ നടത്തിയ ചെറുത്ത് നില്‍പ്പായിരുന്നു ടീമിന് 100 കടത്തുന്നതില്‍ നിര്‍ണായകമായത്.
ALSO READ: ചെന്നൈയുടെ 'തല' മാറുമോ?; പുതിയ സീസണില്‍ പുത്തന്‍ റോളിലെന്ന് ധോണി
മറുപടിക്ക് ഇറങ്ങിയ മുംബൈയും ഒരു ഘട്ടത്തില്‍ തകര്‍ച്ചയെ നേരിട്ടിരുന്നു. വാലറ്റക്കാര്‍ പോരാടിയതോടെയാണ് 106-ന് ഏഴ് എന്ന നിലയില്‍ പതറിയ ടീം 378 എന്ന മികച്ച സ്‌കോറിലേക്ക് എത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 105 പന്തില്‍ 70 റണ്‍സ് എടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിനായി പൊരുതി നോക്കിയത്.