ലണ്ടൻ: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനും തോല്‍വി. ലീഗിലെ 10-ാം റൗണ്ട് മത്സരത്തില്‍ സിറ്റിയെ ബോണ്‍മൗത്തും ആഴ്‌സണലിനെ ന്യൂകാസില്‍ യുണൈറ്റഡുമാണ് തോല്‍പ്പിച്ചത്. സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യത്തേയും ആഴ്‌സണലിന്‍റെ രണ്ടാമത്തെയും തോല്‍വിയാണിത്.
സിറ്റി കുതിപ്പ് തടഞ്ഞ് ബോണ്‍മൗത്ത്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരാജയമറിയാതെയുള്ള സിറ്റിയുടെ 32 മത്സരങ്ങളുടെ കുതിപ്പിനാണ് വിറ്റാലിറ്റി സ്റ്റേഡിയത്തില്‍ ബോണ്‍മൗത്ത് വിരാമിട്ടത്. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ബോണ്‍മൗത്ത് ചരിത്രത്തിലെ ആദ്യ ജയം കൂടിയാണ്. ലീഗിലെ തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടിറങ്ങിയ പെപ് ഗ്വാര്‍ഡിയോളയേയും സംഘത്തേയും പോയിന്‍റ് പട്ടികയിലെ 8-ാം സ്ഥാനക്കാരായ ബോണ്‍മൗത്ത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പൂട്ടിയത്.
Highlights from our defeat to Bournemouth in the @premierleague 📺 pic.twitter.com/XQp1J9iXcP
— Manchester City (@ManCity) November 2, 2024
മത്സരത്തിന്‍റെ 9-ാം മിനിറ്റില്‍ അന്‍റോയിൻ സെമന്യോയുടെ ഗോളിലൂടെയാണ് സന്ദര്‍ശകരെ ബോണ്‍മൗത്ത് ഞെട്ടിച്ചത്. ഗോള്‍ വഴങ്ങിയ ശേഷം മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഒരു ഷോട്ട് പോലും ടാര്‍ഗറ്റിലേക്ക് പായിക്കാൻ സിറ്റിക്കായില്ല. രണ്ടാം പകുതിയില്‍ 64-ാം മിനിറ്റില്‍ ഇവാനില്‍സന്‍റെ തകര്‍പ്പൻ ഗോളിലൂടെ ബോണ്‍മൗത്ത് ലീഡ് ഇരട്ടിയാക്കി.
കെര്‍ക്‌സായിരുന്നു രണ്ട് ഗോളിലേക്കും വഴി തുറന്നത്. തിരിച്ചടിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങള്‍ 82-ാം മിനിറ്റില്‍ ഫലം കണ്ടു. ജോസ്‌കോ ഗ്വാര്‍ഡിയോള്‍ നേടിയ ഹെഡര്‍ ഗോളിലൂടെയാണ് സ്കോര്‍ ബോര്‍ഡ് അവര്‍ ചലിപ്പിച്ചത്. തുടര്‍ന്നുള്ള സമയങ്ങളില്‍ സമനില ഗോള്‍ കണ്ടെത്താൻ സിറ്റി ആഞ്ഞുശ്രമിച്ചെങ്കിലും ബോണ്‍മൗത്ത് പ്രതിരോധം ചാമ്പ്യൻമാരുടെ മുന്നേറ്റങ്ങള്‍ ചെറുക്കുകയായിരുന്നു.
WHAT. A. MOMENT. 🥰 pic.twitter.com/gYn2qKraqi
— AFC Bournemouth 🍒 (@afcbournemouth) November 2, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും സിറ്റി വീണു. ലീഗിലെ 10 മത്സരം പൂര്‍ത്തിയാകുമ്പോള്‍ 23 പോയിന്‍റാണ് സിറ്റിക്ക്. എട്ടാം സ്ഥാനക്കാരായ ബോണ്‍മൗത്തിന് 15 പോയിന്‍റുണ്ട്.
ആഴ്‌സണലിന് ന്യൂകാസില്‍ ഷോക്ക്: സെയ്‌ന്‍റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇംഗ്ലീഷ് കരുത്തരായ ആഴ്‌സണലിന്‍റെ തോല്‍വി. 12-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഇസാക്കണ് ന്യൂകാസിലിന്‍റെ വിജയഗോള്‍ നേടിയത്. ഈ ലീഡ് കളിയുടെ അവസാനം വരെ നിലനിര്‍ത്താൻ ന്യൂകാസിലിനായി.
Not what we wanted, but thank you as always for your support, Gooners ❤️
— Arsenal (@Arsenal) November 2, 2024
Let's regroup and go again on Wednesday. pic.twitter.com/HVa4omo0Jl
പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരാണ് നിലവില്‍ ആഴ്‌സണല്‍. പത്ത് മത്സരങ്ങളില്‍ അഞ്ച് ജയം മാത്രമാണ് പീരങ്കിപ്പടയ്‌ക്ക് ഇതുവരെ നേടാനായത്. മൂന്ന് സമനിലയും രണ്ട് തോല്‍വിയും വഴങ്ങിയിട്ടുള്ള അവര്‍ക്ക് 18 പോയിന്‍റാണ് നിലവില്‍. 10 കളിയില്‍ 15 പോയിന്‍റുള്ള ന്യൂകാസില്‍ യുണൈറ്റഡ് 9-ാം സ്ഥാനത്താണ് നിലവില്‍.
ഒന്നാം സ്ഥാനം പിടിച്ച് ലിവര്‍പൂള്‍: പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരായ ജയത്തോടെ ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി. ആൻഫീല്‍ഡില്‍ സന്ദര്‍ശകരായെത്തിയ ബ്രൈറ്റണെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ആതിഥേയരായ ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ പിന്നിലായ ചെമ്പട രണ്ടാം പകുതിയില്‍ കോഡി ഗാപ്‌കോ, മുഹമ്മദ് സലാ എന്നിവര്‍ നേടിയ ഗോളുകളിലൂടെ ജയം ഉറപ്പിക്കുകയായിരുന്നു.
Cody’s third goal this week gets us level against Brighton 👊 pic.twitter.com/KqA53IV9Bw
— Liverpool FC (@LFC) November 2, 2024
14-ാം മിനിറ്റില്‍ റൈറ്റ് വിങ്ങര്‍ കദിയോഗ്ലുവിന്‍റെ ഗോളിലൂടെയാണ് ബ്രൈറ്റണ്‍ മുന്നിലെത്തിയത്. പിന്നീട്, മികച്ച അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താൻ അവര്‍ക്കായില്ല. മത്സരത്തിന്‍റെ 70-ാം മിനിറ്റില്‍ ലിവര്‍പൂള്‍ സമനില ഗോള്‍ കണ്ടെത്തി.
കോഡി ഗാപ്‌കോയുടെ ക്രോസ് ജഡ്‌ജ് ചെയ്യുന്നതില്‍ ബ്രൈറ്റണ്‍ താരങ്ങള്‍ക്ക് പറ്റിയ പിഴവ് ഗോളായി മാറുകയായിരുന്നു. സമനില ഗോള്‍ കണ്ടെത്തി രണ്ട് മിനിറ്റ് പൂര്‍ത്തിയാകും മുന്‍പ് തന്നെ ലിവര്‍പൂള്‍ വിജയഗോളും നേടി. ലിവര്‍പൂളിന്‍റെ കൗണ്ടര്‍ അറ്റാക്ക് മനോഹര ഷോട്ടിലൂടെ സലാ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ജയത്തോടെ ലിവര്‍പൂളിന് 25 പോയിന്‍റായി. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ രണ്ട് പോയിന്‍റ് ലീഡാണ് ലിവര്‍പൂളിനുള്ളത്. 16 പോയിന്‍റുള്ള ബ്രൈറ്റണ്‍ ഏഴാം സ്ഥാനത്താണ്.
Simply stunning 🤩
— Liverpool FC (@LFC) November 2, 2024
Salah’s brilliant finish secures all three points 💫 pic.twitter.com/8tLMHJG9hs
ലീഗിലെ മറ്റ് മത്സരങ്ങളില്‍ നോട്ടിങ്‌ഹാം ഫോറസ്റ്റ് വെസ്റ്റ്ഹാമിനെയും സതാംപ്‌ടണ്‍ എവര്‍ട്ടണിനെയും പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു നോട്ടിങ്‌ഹാം ഫോറസ്റ്റിന്‍റെ ജയം. ക്രിസ് വുഡ്, കാളും ഹുഡ്‌സണ്‍, ഒല ഐന എന്നിവരാണ് നോട്ടിങ്‌ഹാമിനായി ഗോള്‍ നേടിയത്.
ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആഴ്‌സണലിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്താനും അവര്‍ക്കായി. 10 മത്സരങ്ങളില്‍ 19 പോയിന്‍റാണ് ടീമിന്. എതിരില്ലിത്ത ഒരു ഗോളിനായിരുന്നു സതാംപ്‌ടണ്‍ എവര്‍ട്ടണെ കീഴടക്കിയത്. 85-ാം മിനിറ്റില്‍ ആദം ആംസ്‌ട്രോങ്ങാണ് അവര്‍ക്കായി ഗോള്‍ നേടിയത്. ഇപ്‌സ്വിച്ച് ടൗണ്‍ ലെസ്റ്റര്‍ സിറ്റി (1-1) മത്സരവും വോള്‍വ്‌സ് ക്രിസ്റ്റല്‍ പാലസ് (2-2) മത്സരവും സമനിലയിലാണ് കലാശിച്ചത്.
Also Read : സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് - കൊമ്പന്‍സ് ആദ്യ സെമിപോരാട്ടം, കലാശപ്പോര് നവംബര്‍ 10ന്