പാരീസ്: പുരുഷ വിഭാഗം ഹോക്കി ക്വാർട്ടർ ഫൈനലിൽ ഗോള്‍ പോസ്റ്റിനു മുന്നില്‍ പ്രതിരോധ മതില്‍ തീര്‍ത്ത ഇന്ത്യയുടെ വിജയശില്‍പി ഇതിഹാസ ഗോൾകീപ്പർ പിആർ ശ്രീജേഷിന്‍റെ മികച്ച പ്രകടനത്തെ ഹോക്കി ഇന്ത്യ പ്രസിഡന്‍റ് ദിലീപ് ടിർക്കി അഭിനന്ദിച്ചു. ശ്രീജേഷ് 'ഇന്ത്യൻ ഹോക്കിയുടെ ദൈവം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
മത്സരത്തിൽ ശ്രീജേഷ് സുപ്രധാന സേവുകൾ നടത്തിയെന്ന് ദിലീപ് ടിർക്കി എഎൻഐയോട് പറഞ്ഞു. ഷൂട്ടൗട്ടിൽ പോലും അദ്ദേഹം ആത്മവിശ്വാസത്തോടെയാണ് ഗോൾ പ്രതിരോധിച്ചത്. മുൻകാലങ്ങളിലെ ഒളിമ്പിക്‌സ്, ചാമ്പ്യൻസ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവയിലൊക്കെ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ഇന്നത്തെ മത്സരത്തിൽ 10 കളിക്കാർ മാത്രമാണ് കളിച്ചത്. ഇത് ചരിത്ര വിജയമാണ്. 10 കളിക്കാരുമായി 45 മിനിറ്റ് കളിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഞാനൊരു കളിക്കാരനായതുകൊണ്ട് എനിക്കതറിയാമെന്ന് ദിലീപ് ടിർക്കി പറഞ്ഞു.
പാരീസ് ഒളിമ്പിക്‌സിലെ ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രിട്ടനെ പരാജയപ്പെടുത്തിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം സെമി ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയം അവസാനിച്ചപ്പോൾ സ്‌കോർ 1-1 എന്ന നിലയിലായതിനാൽ, ഷൂട്ട് ഔട്ടിൽ 4-2 ന് ജയിച്ച് ഇന്ത്യ സെമിയിലെത്തുകയായിരുന്നു.