ചെന്നൈ: ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് (ജനുവരി 19) വൈകിട്ട് 6 മണിയോടെയായിരുന്നു ഉദ്‌ഘാടനം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നും ചെന്നൈയിലെത്തിയ കായിക താരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് ഉദ്‌ഘാടന ചടങ്ങില്‍ മോദി പറഞ്ഞു. എല്ലാവരും ഒരുമിച്ച് 'ഏക് ഭാരത് ശ്രേഷ്‌ഠ് ഭാരതി'ന്‍റെ ശക്തി പ്രകടിപ്പിക്കണം. തമിഴ്‌നാട്ടിലെ ആളുകളും മനോഹരമായ തമിഴ് ഭാഷയും സംസ്‌കാരവുമെല്ലാം നിങ്ങള്‍ക്ക് സ്വന്തം കുടുംബത്തെ പോലെ ഉള്ള പ്രതീതി ജനിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
"ഖേലോ ഇന്ത്യ ഗെയിംസ്, യൂത്ത് ഗെയിംസ്, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്, ഖേലോ ഇന്ത്യ വിന്‍റര്‍ ഗെയിംസ്, ഖേലോ ഇന്ത്യ പാരാ ഗെയിംസ് എന്നിവ നിങ്ങള്‍ക്ക് മുന്നോട്ട് നീങ്ങാന്‍ കൂടുതല്‍ ഊര്‍ജം പകരുന്നതാണ്. മാത്രമല്ല ഇതിലൂടെ പുതിയ പ്രതിഭകളെ സൃഷ്‌ടിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേലു നാച്ചിയാർ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്‍റെ ചിഹ്നമായതിൽ താന്‍ സന്തുഷ്‌ടനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് (ജനുവരി 19) തുടക്കം കുറിച്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജനുവരി 31 നാണ് അവസാനിക്കുക. ചെന്നൈ, ട്രിച്ചി, മധുര, കോയമ്പത്തൂർ എന്നീ നാല് നഗരങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 5500 അത്‌ലറ്റുകള്‍ മത്സരത്തില്‍ മാറ്റുരക്കും.
ഇത് സ്വപ്‌ന സാക്ഷാത്‌കാര നിമിഷമെന്ന് ഉദയനിധി: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ തമിഴ്‌നാടിനിത് സ്വപ്‌ന സാക്ഷാത്‌കാരമാണെന്ന് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. കായിക ക്ഷമതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് ഖേലോ ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.
250 കോടി രൂപയുടെ പദ്ധതിക്ക് തുടക്കം: ഖേലോ ഇന്ത്യയുടെ ഉദ്‌ഘാടന ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രക്ഷേപണ മേഖലയിലെ വിവിധ പദ്ധതികള്‍ക്കും തറക്കല്ലിട്ടു. 250 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് തറക്കല്ലിട്ടത്. കൂടാതെ ഡിഡി തമിഴിന്‍റെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്‌തു. പ്രധാനമന്ത്രി തറക്കല്ലിട്ട പ്രക്ഷേപണ മേഖലയിലെ പദ്ധതികളിൽ നവീകരിച്ച ഡിഡി പുതിഗൈ ചാനലും ഉൾപ്പെടുന്നുണ്ട്. എട്ട് സംസ്ഥാനങ്ങളിലായി 12 ആകാശവാണി എഫ്എം പദ്ധതികളും ജമ്മു കശ്‌മീരിൽ 4 ഡിഡി ട്രാൻസ്‌മിറ്ററുകളും പദ്ധതിയില്‍ ഉള്‍പ്പെടും.