പാരിസ് : പാരിസ് ഒളിമ്പിക്‌സിന് സ്വാദ് പകരാൻ ആന്ധ്രയുടെ സ്വന്തം അറകു കോഫിയും. ആന്ധ്രാപ്രദേശിലെ അറകു കോഫിക്ക് അന്താരാഷ്ട്ര അംഗീകാരമുണ്ട്. ഒളിമ്പിക്‌സിനായി പാരിസിലെത്തുന്ന കായിക താരങ്ങളെയും അതിഥികളെയും ഇനി ഫ്രഷ് അറകു കോഫി ചൂടോടെ വരവേൽക്കും. ഇതോടെ അറകു താഴ്‌വരയിലെ കാപ്പി കൃഷിയിൽ നിന്നും നിർമിക്കുന്ന അറകു കോഫിയുടെ പ്രശസ്‌തി ലോകം മുഴുവൻ അറിയും.
ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ല പ്രശസ്‌തമായത് അറകു കോഫിയുടെ പേരിലാണ്. ഇവിടെയാണ് അറകു കാപ്പി വൻതോതിൽ കൃഷി ചെയ്യുന്നത്. നല്ല സുഗന്ധവും രുചിയുമുള്ള അറകു കോഫി ഇതിനോടകം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 1.5 ലക്ഷത്തോളം വരുന്ന ആദിവാസി കുടുംബങ്ങളാണ് അറകു കാപ്പി കൃഷി ചെയ്യുന്നത്. ഈ കാപ്പി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ അറകു കാപ്പിയുടെ രുചിയെപ്പറ്റി പരാമർശിച്ചിരുന്നു. ജി-20 ഉച്ചകോടിയിൽ വച്ച് അദ്ദേഹം അറകു കോഫി രുചിച്ചിരുന്നു. 2017ൽ പാരിസിൽ ഒളിമ്പിക്‌സ് നടക്കുന്നയിടത്ത് ഒരു കോഫി ഔട്ട്‌ലെറ്റ് സ്ഥാപിച്ചിട്ടുണ്ട്. പിന്നീട് പ്രശസ്‌ത വ്യവസായി ആനന്ദ് മഹേന്ദ്ര മറ്റൊരു ഔട്ട്‌ലെറ്റ് കൂടി തുറക്കാനാഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. 2018ൽ പാരിസിൽ നടന്ന പ്രിക്‌സ് എപ്പിക്യൂർസിൽ അറകു കോഫി സ്വർണ മെഡൽ നേടിയിരുന്നു.
Also Read: പാരിസ് ഒളിമ്പിക്‌സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം