കൊല്‍ക്കത്ത: ഡ്യൂറന്‍റ് കപ്പില്‍ ചാമ്പ്യന്മാരായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ടുപോയ കലാശപ്പോരാട്ടത്തില്‍ മോഹൻ ബഗാനെ തകര്‍ത്താണ് ഹൈലാൻഡേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോളുകളായിരുന്നു നേടിയത്.
ഇതോടെ, മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്കോറിനായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ ജയം. ക്ലബ് ചരിത്രത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ ആദ്യ കിരീടനേട്ടമാണിത്.
കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിന്‍റെ ആദ്യപകുതിയില്‍ ആധിപത്യം പുലര്‍ത്തിയത് മോഹൻ ബഗാനായിരുന്നു. മത്സരത്തിന്‍റെ 11-ാം മിനിറ്റില്‍ തന്നെ മുന്നിലെത്താൻ അവര്‍ക്കായി. സഹല്‍ അബ്‌ദുല്‍ സമദിനെ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ ജേസണ്‍ കമ്മിങ്സായിരുന്നു മോഹൻ ബഗാനായി സ്കോര്‍ ചെയ്‌തത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബഗാൻ ലീഡ് ഉയര്‍ത്തി. ഇത്തവണ മലയാളി താരം സഹലാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ വലയില്‍ പന്തെത്തിച്ചത്. ലിസ്റ്റണ്‍ കൊളാസോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു താരം ഗോള്‍ നേടിയത്.
ജയം പ്രതീക്ഷിച്ച് രണ്ടാം പകുതിയില്‍ പന്തുതട്ടാനിറങ്ങിയ മോഹൻ ബഗാനെ കാത്തിരുന്നത് കളി ശൈലിയില്‍ മാറ്റം വരുത്തിയിറങ്ങിയ നോര്‍ത്ത് ഈസ്റ്റായിരുന്നു. തുടരെ തുടരെ മോഹൻ ബഗാൻ ഗോള്‍ മുഖത്ത് അപകടം സൃഷ്‌ടിച്ച നോര്‍ത്ത് ഈസ്റ്റ് മത്സരത്തിന്‍റെ 55-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. മൊറോക്കൻ താരം അലാഡിൻ അജറെയായിരുന്നു മോഹൻ ബഗാൻ വലയിലേക്ക് പന്ത് അടിച്ചുകയറ്റിയത്.
അധികം വൈകാതെ തന്നെ സമനില ഗോളും അവര്‍ കണ്ടെത്തി. 58-ാം മിനിറ്റില്‍ ഗിലെര്‍മോയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്‍റെ രണ്ടാം ഗോള്‍ നേടിയത്. അവസാന അരമണിക്കൂറില്‍ വിജയഗോള്‍ കണ്ടെത്താൻ ഇരു ടീമും പൊരുതിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് പോയത്.
Also Read : റിതുരാജിനെക്കൊണ്ട് ഒറ്റയ്‌ക്ക് പറ്റില്ല... അടുത്ത സീസണിലും ധോണി ചെന്നൈയില്‍ കളിക്കണമെന്ന് സുരേഷ് റെയ്‌ന