കണ്ണൂർ: ഒൻപതാമത് സംസ്ഥാന സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിന് തുടക്കം. വി ആർ കൃഷ്‌ണയ്യർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലാണ് ഹോക്കി ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് പെൺകുട്ടികളുടെ ഹോക്കി മത്സരങ്ങൾ നടന്നു.
തൃശൂർ ടീമിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് എറണാകുളവും 15 ഗോളുകൾക്ക് പത്തനംതിട്ടയെ തകർത്ത് ജി വി രാജ സ്പോർട്‌സ് സ്‌കൂൾ തിരുവനന്തപുരവും ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് പാലക്കാടിനെ തകർത്ത് കൊല്ലവും ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് കോഴിക്കോടിനെ തകർത്ത് തിരുവനന്തപുരവും ജയം നേടി. ആതിഥേയരായ കണ്ണൂരും, കാസർകോടും തമ്മിൽ നടന്ന രണ്ടാമത്തെ മത്സരം സമനിലയിൽ കലാശിച്ചു.
വൈകുന്നേരം സ്‌റ്റേഡിയത്തിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ, അത്ലറ്റിക്‌സ് സ്പ്രിന്‍റ് ഇനത്തിൽ അന്തർ സർവകലാശാല തലത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ, മുൻ ജൂനിയർ ഇന്ത്യ സ്വർണ മെഡൽ ജേതാവും അസിസ്‌റ്റന്‍റ് പൊലീസ് സൂപ്രണ്ടുമായ
കെ എസ് ഷെഹൻഷ ഐപിഎസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്‌തു. ജില്ല അസോസിയേഷൻ പ്രസിഡന്‍റ് പി ഹാഷിർ അധ്യക്ഷത വഹിച്ചു.
കെ വി ഗോകുൽദാസ്, ഒ വി ജാവിസ് അഹമ്മദ്, കെ നിയാസ്, കെ ജെ ജോൺസൺ മാസ്‌റ്റർ, പി വി സിറാജുദ്ദീൻ, കെ ശ്രീധരൻ മാസ്‌റ്റർ, തഫ്‌ലി മാണിയാട്ട്, ഹംസ കേളോത്ത് എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ല അസോസിയേഷൻ സെക്രട്ടറി റോയ് റോബർട്ട് സ്വാഗതവും, ടൂർണ്ണമെന്‍റ് ഡയറക്‌ടർ സുധീർ കക്കറക്കൽ നന്ദിയും പറഞ്ഞു.