വെല്ലിങ്‌ടണ്‍: 16 വർഷത്തിന് ശേഷം ന്യൂസിലൻഡിൽ ആദ്യ ടെസ്റ്റ് പരമ്പര ഉറപ്പിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ബേസിൻ റിസർവിൽ നടന്ന രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിനെ 323 റൺസിന് കീഴടക്കിയാണ് ബെന്‍ സ്റ്റോക്‌സും സംഘവും പരമ്പര പിടിച്ചത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിലും വിജയിച്ച ഇംഗ്ലണ്ട് നിലവില്‍ 2-0ത്തിന് മുന്നിലാണ്. ഇതിന് മുന്നെ 2008-ലായിരുന്നു ന്യൂസിലൻഡിൽ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 583 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 259 റണ്‍സില്‍ പുറത്താവുകയായിരുന്നു. സെഞ്ചുറിയുമായി പൊരുതി നിന്ന ടോം ബ്ലണ്ടലാണ് കിവീസിന്‍റെ തോല്‍വി ഭാരം കുറച്ചത്. 102 പന്തില്‍ 13 ബൗണ്ടറികളും അഞ്ച് സിക്‌സറും സഹിതം 115 റണ്‍സാണ് താരം നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നഥാന്‍ സ്‌മിത്ത് (42), ഡാരില്‍ മിച്ചല്‍ (32) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ഷൊയ്‌ബ് ബഷീര്‍, ബ്രൈഡൺ കാർസ്, ക്രിസ് വോക്‌സ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
Test victory. Series victory. pic.twitter.com/kEtytT6sMM
— England Cricket (@englandcricket) December 8, 2024
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 280 റണ്‍സായിരുന്നു നേടിയത്. ഒരുഘട്ടത്തില്‍ 43/4 എന്ന നിലയിലേക്ക് തകര്‍ന്നിരുന്ന സന്ദര്‍ശകരെ സെഞ്ചുറിയുമായി ഹാരി ബ്രൂക്ക്‌സാണ് (123) കരകയറ്റിയത്. ഒല്ലി പോപ്പ് (66) അര്‍ധ സെഞ്ചുറി നേടി.
മറുപടിക്ക് ഇറങ്ങിയ കിവീസിനെ ഇംഗ്ലണ്ട് 125 റണ്‍സില്‍ എറിഞ്ഞിട്ടു. നാല് വിക്കറ്റുകള്‍ വീതം നേടിക്കൊണ്ട് ബ്രൈഡൺ കാർസ്, ഗസ് അറ്റ്കിൻസൺ എന്നിവരാണ് ടീമിന്‍റെ നടുവൊടിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ചുറിയും (106), ബെന്‍ ഡക്കറ്റ് (92), ജാക്കോബ് (96), ഹാരി ബ്രൂക്ക് (55) എന്നിവര്‍ അര്‍ധ സെഞ്ചുറിയും നേടി.
ഇതോടെ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 427 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്‌ത ഇംഗ്ലണ്ട് കിവീസിന് മുന്നില്‍ കൂറ്റന്‍ വിജയ ലക്ഷ്യം വയ്‌ക്കുകയായിരുന്നു. എന്നാല്‍ കാര്യമായി വെല്ലുവിളി ഉയര്‍ത്താതെ മൂന്നാം ദിനത്തില്‍ തന്നെ ആതിഥേയര്‍ തോല്‍വി സമ്മതിച്ചു. ഹാരി ബ്രൂക്കാണ് മത്സരത്തിലെ താരം.