ന്യൂഡൽഹി: ഏകദിന ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിന് ശസ്‌ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി (Mohammed Shami) വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഹമ്മദ് ഷമിയ്‌ക്ക് എത്രയും വേഗം കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയട്ടെ എന്ന് ആശംസിച്ചിരിക്കുന്നത്. തന്നിള്ള ധൈര്യത്താല്‍ ഷമിക്ക് അതിന് കഴിയുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം എക്‌സില്‍ എഴുതി.
"എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ഉള്ളിലുള്ള ധൈര്യത്താല്‍ ഈ പരിക്കിനെ മറികടന്ന് നിനക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് എനിക്ക് പൂര്‍ണ ഉറപ്പുണ്ട്" നരേന്ദ്ര മോദി തന്‍റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
ലണ്ടനില്‍ വച്ച് നടന്ന ശസ്‌ത്രക്രിയ വിജയകരമാണെന്ന് നേരത്തെ മുഹമ്മദ് ഷമി ആരാധകരെ അറിയിച്ചിരുന്നു. പരിക്ക് ഭേദമാവാന്‍ സമയം വേണ്ടിവരുമെന്നും എന്നാല്‍ അധികം വൈകാതെ തന്നെ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും തന്റെ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു 33-കാരന്‍ അറിയിത്. ആശുപത്രിക്കിടക്കിയില്‍ നിന്നെടുത്ത ഏതാനും ചിത്രങ്ങളും താരം ഇതോടൊപ്പം പങ്കുവക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യയുടെ ഹീറോയാണ് മുഹമ്മദ് ഷമി. ടീമിന്‍റെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന താരത്തിന് പിന്നീടായിരുന്നു പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതായിരുന്നു ഇതിന് വഴിയൊരുക്കിയത്.
പിന്നീട് കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റുകളാണ് 33-കാരന്‍ എറിഞ്ഞിട്ടത്. ഇതോടെ ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരനായും ഷമി മാറി. ന്യൂസിലന്‍ഡിനെതിരെ സെമി ഫൈനലില്‍ നടത്തിയ ഏഴ് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി മിന്നും പ്രകടനമായിരുന്നു ഷമിയുടേത്.
എന്നാല്‍ പരിക്കുമായാണ് ഷമി ടൂര്‍ണമെന്‍റിലുടനീളം കളിച്ചതെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പരിക്കിന്‍റെ വേദന മാറാന്‍ താരം നിരന്തരം കുത്തിവയ്‌പ്പെടുത്തിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ട്. അതേസമയം സ്വന്തം മണ്ണില്‍ അരങ്ങേറിയ ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയതിന് ശേഷം ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിക്കാന്‍ നരേന്ദ്ര മോദി ഡ്രെസ്സിങ് റൂമിലേക്ക് എത്തിയിരുന്നു.
ALSO READ: കളിക്കാര്‍ക്കിഷ്‌ടം ഐപിഎല്‍ ; ടെസ്റ്റിലേക്ക് ആകര്‍ഷിക്കാന്‍ പുത്തന്‍ തന്ത്രവുമായി ബിസിസിഐ
അന്ന് തന്നെ ചേര്‍ത്തുപിടിച്ച പ്രധാനമന്ത്രിയുടെ ചിത്രം ഷമി പിന്നീട് തന്‍റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. ഡ്രെസ്സിങ് റൂമില്‍ വച്ച് പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ കടുത്ത നിരാശയിലായിരുന്ന തങ്ങള്‍ക്ക് വലിയ ഉര്‍ജ്ജം നല്‍കിയെന്ന് പിന്നീട് ഒരു അഭിമുഖത്തില്‍ ഷമി വെളിപ്പെടുത്തി. 'എല്ലാവരും മികച്ച രീതിയില്‍ കളിച്ചതായും മുഴുവന്‍ ഭാരതവും നിങ്ങളോടൊപ്പമുണ്ട്' എന്നുമായിരുന്നു മോദി പറഞ്ഞതെന്നായിരുന്നു ഷമി തുറന്ന് പറഞ്ഞത്.
ALSO READ: ഐപിഎല്ലും ടി20 ലോകകപ്പും തൊട്ടരികെ; കളിക്കളത്തിലേക്ക് തിരികെയത്തി ഹാര്‍ദിക് പാണ്ഡ്യ