ഡൽഹി: ട്വന്‍റി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. എക്കാലവും ആവേശകരമായ പ്രകടനത്തിന് നന്ദിയെന്നും മോദി പറഞ്ഞു.
"പ്രിയ @imjadeja, ഒരു ഓൾറൗണ്ടർ എന്ന നിലയിൽ നിങ്ങൾ അസാധാരണമായ പ്രകടനമാണ് നടത്തിയത്. നിങ്ങളുടെ സ്റ്റൈലിഷ് സ്ട്രോക്ക് പ്ലേ, സ്‌പിൻ, മികച്ച ഫീൽഡിങ് എന്നിവയെ ക്രിക്കറ്റ് പ്രേമികൾ അഭിനന്ദിക്കുന്നു. വർഷങ്ങളായി ആവേശകരമായ ട്വന്‍റി 20 പ്രകടനങ്ങൾക്ക് നന്ദി. നിങ്ങളുടെ മുന്നോട്ടുള്ള പ്രയത്‌നങ്ങൾക്ക് എൻ്റെ ആശംസകൾ" - മോദി എക്‌സിൽ കുറിച്ചു.
Dear @imjadeja,
— Narendra Modi (@narendramodi) June 30, 2024
You have performed exceptionally as an all-rounder. Cricket lovers admire your stylish stroke play, spin and superb fielding. Thank you for the enthralling T20 performances over the years. My best wishes for your endeavours ahead.
ട്വന്‍റി 20 ക്രിക്കറ്റിൽ കപ്പ് ഉയർത്തിയ ടീം അംഗങ്ങളെയെല്ലാം പ്രധാനമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
"ഗ്രൗണ്ടിൽ ലോകകപ്പാണ് നിങ്ങൾ ജയിച്ചതെങ്കിലും ഗ്രാമങ്ങൾ, നഗരങ്ങൾ, തെരുവുകൾ എന്നിവിടങ്ങളിലെ കോടിക്കണക്കിന് ജനഹൃദയമാണ് കീഴടക്കിയത്. ഈ ലോകകപ്പ് പ്രത്യേക കാരണങ്ങളാൽ ഓർമ്മിക്കപ്പെടും. ഒരുപാട് രാജ്യങ്ങൾ ഉണ്ടായിട്ട് കൂടി ഒരു കളിപോലും തോൽക്കാതെയാണ് ലോകകപ്പ് സ്വന്തമാക്കുന്നത്. അതൊരു ചെറിയ നേട്ടമല്ല. ലോക ക്രിക്കറ്റിലെ പ്രഗത്ഭരെ എല്ലാം തന്നെ തോൽപ്പിച്ചാണ് നിങ്ങൾ വിജയം കൈവരിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനിക്കുന്നു. ചരിത്രമാണ് ഈ കളി" - പ്രധാനമന്ത്രി പറഞ്ഞു.
13 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ വീണ്ടുമൊരു ലോകകപ്പ് ജേതാക്കളാകുന്നത്. നേരത്തെ 2011 ൽ ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ജേതാക്കളായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ഇന്ത്യ ആദ്യമായാണ് ഒരു ലോകകപ്പ് കിരീടം നേടുന്നത്.
Also Read: 11 വർഷത്തെകാത്തിരിപ്പിന് വിരാമം; ലോക കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ