മുംബൈ: ഐപിഎല്ലില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം ഇന്ന് നടക്കും. മുംബൈ ഇന്ത്യൻസിന്‍റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. ജയത്തുടര്‍ച്ചയാണ് ഇരു ടീമിന്‍റെയും ലക്ഷ്യം.
തുടര്‍ തോല്‍വികളോടെ സീസണ്‍ ആരംഭിച്ചെങ്കിലും അവസാന രണ്ട് മത്സരവും ജയിച്ച് ട്രാക്കിലേക്ക് വന്നിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഹോം ഗ്രൗണ്ടിലായിരുന്നു അവരുടെ രണ്ട് ജയവും പിറന്നത്. ആ ജയങ്ങളുടെ ആത്മവിശ്വാസത്തിലാകും ഇന്ന് സ്വന്തം തട്ടകത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാൻ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നതും.
ബാറ്റിങ്ങ് പറുദീസയായ വാങ്കഡെയില്‍ പ്രധാന ബാറ്റര്‍മാരിലാണ് ഇരു ടീമും പ്രതീക്ഷയര്‍പ്പിക്കുന്നത്. രോഹിത് ശര്‍മയും ഇഷാൻ കിഷനും ചേര്‍ന്ന് മികച്ച തുടക്കം മുംബൈയ്‌ക്ക് നല്‍കുന്നു. ഡെത്ത് ഓവറുകളില്‍ കളി ഫിനിഷ് ചെയ്യാൻ ഹാര്‍ദിക് പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുമുണ്ട്. സൂര്യകുമാര്‍ യാദവ് കൂടി താളം കണ്ടെത്തിയതോടെ മുംബൈ ബാറ്റിങ് നിര ഡബിള്‍ സ്ട്രോങ്ങായിട്ടുണ്ട്.
ബൗളിങ്ങില്‍ ജസ്‌പ്രീത് ബുംറയാണ് മുംബൈ ഇന്ത്യൻസിന്‍റെ വജ്രായുധം. മറ്റ് ബൗളര്‍മാര്‍ തല്ല് വാങ്ങി കൂട്ടുമ്പോഴും മികച്ച രീതിയില്‍ പന്തെറിയാൻ ബുംറയ്‌ക്ക് സാധിക്കുന്നുവെന്നത് മുംബൈയ്‌ക്ക് ആശ്വാസമാണ്.
മറുവശത്ത്, ബാറ്റിങ്ങില്‍ മുംബൈക്കാരൻ ശിവം ദുബെയുടെ വെടിക്കെട്ട് പ്രകടനത്തിലേക്കാണ് ചെന്നൈ ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരങ്ങളിലെ മികവ് ആവര്‍ത്തിക്കാൻ ഓപ്പണര്‍ രചിൻ രവീന്ദ്രയ്‌ക്ക് സാധിക്കുന്നില്ല എന്നത് ആരാധകരെ ആശങ്കപ്പെടുത്തുന്നു. ബാറ്റിങ്ങിന് അനുകൂലമായ വാങ്കഡെയില്‍ താരം ഫോം കണ്ടെത്തുമെന്നാണ് ആരാധക പ്രതീക്ഷ. ബൗളിങ്ങില്‍ മുസ്‌തഫിസുര്‍ റഹ്മാനിലാണ് ചെന്നൈയുടെ പ്രതീക്ഷ. രവീന്ദ്ര ജഡേജയുടെ പ്രകടനവും സിഎസ്‌കെയ്‌ക്ക് നിര്‍ണായകമാകും.
മുംബൈ ഇന്ത്യൻസ് സാധ്യത ടീം: രോഹിത് ശര്‍മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), തിലക് വര്‍മ, ടിം ഡേവിഡ്, മൊഹമ്മദ് നബി, റൊമാരിയോ ഷെഫേര്‍ഡ്, ശ്രേയസ് ഗോപാല്‍, ജസ്‌പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സി, ആകാശ് മധ്‌വാള്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ് സാധ്യത ടീം: റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റൻ), രചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ശിവം ദുബെ, ഡാരില്‍ മിച്ചല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്‌വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മതീഷ പതിരണ, മുസ്‌തഫിസുര്‍ റഹ്മാൻ.